കേരളം കാരണം കൊവിഡ് കണക്കുകള്‍ പിഴച്ചു, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ച് കേന്ദ്രം
ദില്ലി: കൊവിഡ് കണക്കുകളില്‍ കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമാകുന്നു. കേരളം അഞ്ച് ദിവസത്തോളം കണക്കുകളൊന്നും നല്‍കിയില്ലെന്നാണ് പ്രധാന ആരോപണം. കേസുകള്‍ കുറഞ്ഞതോടെ കേരളത്തില്‍ പ്രതിദിന കേസുകളുടെ കാര്യം പുറത്തുവിടുന്നത് നിര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് കേസുകളും, മരണങ്ങളും, പോസിറ്റിവിറ്റി നിരക്കും കണക്കാക്കി വരുന്ന രീതിയെ മൊത്തത്തില്‍ താളം തെറ്റിക്കുന്നതാണ് കേരളത്തിന്റെ സമീപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തുറന്നടിച്ചു. അത്രത്തോളം കൊവിഡ് ഡാറ്റയെ അത് ബാധിച്ചുവെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

ഏപ്രില്‍ പതിമൂന്ന് മുതല്‍ കേരളം സംസ്ഥാന തലത്തിലെ കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരങ്ങള്‍ നല്‍കിയതെന്നും, കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അദ്ദേഹം കേരള പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയ്ക്ക് അയച്ച കത്തില്‍ ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യ കൊവിഡ് കേസുകള്‍, മരണങ്ങള്‍, പോസിറ്റിവിറ്റി നിരക്ക് എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത് പോകുന്നതാണ്. ചെറിയ പിഴവുകള്‍ പോലും വലിയ രീതിയില്‍ ബാധിക്കും. കേരളത്തിന്റെ സമീപനം രാജ്യത്തിന്റെ കൊവിഡ് ഡാറ്റയെ തെറ്റായ രീതിയില്‍ ബാധിച്ചെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യയില്‍ ഒരൊറ്റ ദിവസത്തിനിടെ പുതിയ കേസുകളില്‍ 90 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 165 ശതമാനമായിട്ടാണ് ഉയര്‍ന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിനുള്ള കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച്ച മാത്രം 940 കേസുകളാണ് കേരളം കേന്ദ്രത്തിലേക്ക് നല്‍കിയത്. ഇത് അഞ്ച് ദിവസത്തെ കണക്കാണ്. പ്രതിദിന വര്‍ധനവ് ഇതോടെ ഒറ്റയ്ക്ക് 2183 കേസായി വര്‍ധിച്ചിരുന്നു. 24 മണിക്കൂറിനിടെ ഇത്ര വലിയ വര്‍ധനവുണ്ടായത് രാജ്യത്ത് തന്നെ ആശങ്കയായിരുന്നു. 24 മണിക്കൂറിനിടെ 213 മരണങ്ങളും രേഖപ്പെടുത്തി. ഇതെല്ലാം മുമ്പ് രേഖപ്പെടുത്താതിരുന്ന കണക്കുകളായിരുന്നു.
മഹാമാരിയുടെ വ്യാപ്തി കൃത്യമായി കണ്ടെത്തുന്നതിന് നിത്യേനയുള്ള കൃത്യമായ റിപ്പോര്‍ട്ടിംഗ് വളരെ അത്യാവശ്യമാണ്. ജില്ലകളിലും, സംസ്ഥാനങ്ങളിലും, ദേശീയ തലത്തിലും ഈ കണക്കുകള്‍ പരിശോധിച്ചാണ് കൊവിഡ് കേസുകള്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടോ എന്നും, പുതിയ ട്രെന്‍ഡുകള്‍ എന്താണെന്നും കൃത്യമായി പറയാനാവൂ എന്നും ആരോഗ്യ മന്ത്രാലയം കേരളത്തിനയച്ച കത്തില്‍ പറയുന്നു. കൊവിഡിന്റെ പുതിയ വേരിയന്റുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ കണക്കുകള്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. കാരണം കൊവിഡ് തീവ്ര വ്യാപനത്തിന് ശേഷിയുള്ള മാരകമായ രോഗമാണ്. ഏറ്റവും വേഗത്തിലും, തുടര്‍ച്ചയായി ഉള്ളതുമായ അപ്‌ഡേറ്റുകളാണ് കൊവിഡ് ഡാറ്റയുടെ കാര്യത്തില്‍ ആവശ്യം. ഇത് കൊവിഡിനെതിരെ ഇന്ത്യയുടെ പോരാട്ടത്തെ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.ഇതിനിടെ രാജ്യത്ത് മാസ്‌കിന്റെ കാര്യത്തില്‍ പുതിയ നിയമങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തി.
തലസ്ഥാന നഗരിയായ ലഖ്‌നൗവിലും ആറ് എന്‍സിആര്‍ ജില്ലകളിലും മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. കൊവിഡ് കേസുകള്‍ സമീപ സംസ്ഥാനങ്ങളില്‍ അടക്കം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തലസ്ഥാന മേഖലയുടെ ഭാഗമായി വരുന്ന ജില്ലകളില്‍ കൊവിഡ് രൂക്ഷമായി ബാധിക്കാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഹാപുര്‍, മീററ്റ്, ബുലന്ധ്‌ഷെഹര്‍, ബാഗ്പത്ത്, ലഖ്‌നൗ എന്നിവിടങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.
24 മണിക്കൂറിനിടെ ഗൗതം ബുദ്ധ് നഗറില്‍ 65 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസിയാബാദില്‍ ഇരുപത് കേസുകളും, ലഖ്‌നൗവില്‍ പത്ത് കേസുകളും രേഖപ്പെടുത്തി. സാഹചര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മാസ്‌കുകള്‍ ധരിക്കുന്നതില്‍ അടക്കം ഇളവുകള്‍ യോഗി സര്‍ക്കാര്‍ നല്‍കിയിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.












Click it and Unblock the Notifications