ചൂട് കൊണ്ട് നില്‍ക്കാനാവില്ല, ഉത്തരേന്ത്യ ചുട്ടുപ്പൊള്ളും, 7 സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
ദില്ലി: രാജ്യം കുറച്ച് ദിവസത്തേക്ക് അത്യുഷ്ണത്തിലായിരിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. മധ്യ-കിഴക്കന്‍ ഇന്ത്യയില്‍ ഉഷ്ണതരംഗം ആഞ്ഞ് വീശുമെന്ന് ഐഎംഡി അറിയിച്ചു. രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. അടുത്ത കുറച്ച് ദിവസം ഈ ചൂട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഏഴോളം സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഉറപ്പായും ഉഷ്ണതരംഗങ്ങള്‍ ഉണ്ടാവും. ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ മെയ് 20 മുതല്‍ 22 വരെ തീവ്രമായ ചൂട് അനുഭവപ്പെടാം. ദക്ഷിണ ഹരിയാന, പശ്ചിമ രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മെയ് 21 മുതല്‍ 23 വരെ ചുട്ടുപ്പൊള്ളുമെന്നുമാണ് മുന്നറിയിപ്പ്.

അതേസമയം ഉത്തര മധ്യപ്രദേശില്‍ മെയ് 21 മുതല്‍ അതിശക്തമായ ഉഷ്ണമായിരിക്കും അനുഭവപ്പെടുകയെന്നും മുന്നറിയിപ്പുണ്ട്. ചൂടേറിയതും, സാന്ദ്രതയേറിയതുമായ കാലാവസ്ഥ ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖല എന്നിവിടങ്ങളിലും അനുഭവപ്പെടുമെന്നും ഐഎംഡി പറയുന്നു.
അതേസമയം കേരളത്തിലും ചൂടിന് ശമമൊന്നുമില്ല. ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് തുടരുകയാണ്. സാധാരണത്തേക്കാള്‍ രണ്ട് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയാകാം.
പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നു.ചൂടേറിയ കാലാവസ്ഥ കാരണം അടുത്ത അഞ്ച് ദിവസം അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയായിരിക്കും ഒഡീഷയിലെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
മെയ് 20 മുതല്‍ 21 വരെ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം ന്നെിവിടങ്ങളില്‍ രൂക്ഷമായ ചൂടായിരിക്കും. 20 മുതല്‍ 22 വരെ കൊങ്കണിലും സമാനമായ അവസ്ഥയായിരിക്കും. മെയ് 19 മുതല്‍ താപനില 42 ഡിഗ്രിയിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മറാത്ത്വാഡ, വിദര്‍ഭ, തെലങ്കാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്,. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെല്ലാം പരമാവധി കൂടി താപനിലയില്‍ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഉത്തരപശ്ചിമ ഇന്ത്യയില്‍ നാല് ഡിഗ്രി വരെയാണ് താപനില ഉയരുക. അടുത്ത മൂന്ന് ദിവസങ്ങളില്‍ തീവ്രമായ താപനിലയായിരിക്കും. സെന്‍ട്രല്‍ ഇന്ത്യയില്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നും ഐഎംഡി പ്രവചിക്കുന്നു. ഉഷ്ണതരംഗമാണ് അപ്രവചനീയമായി കാലാവസ്ഥാ വകുപ്പ് പറയുന്നത്.
ഏത് നിമിഷവും ഇവ വീശിയടിക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും മറ്റിടത്തേക്കും വ്യാപിക്കുകയാണ്.












Click it and Unblock the Notifications