ഡൽഹിയിൽ വീണ്ടും ഉഷ്ണതരംഗം; ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തത് അഞ്ചോളം ഉഷ്ണതരംഗങ്ങൾ
ഡൽഹി; രണ്ട് ദിവസത്തെ ആശ്വാസത്തിന് ശേഷം ഡൽഹിയിൽ വീണ്ടും ഉഷ്ണതരംഗം അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം നജഫ്ഗഡിൽ ഉയർന്ന താപനില 46.1 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ജാഫർപൂരിലെയും മുംഗേഷ്പൂരിലെയും ചൂട് യഥാക്രമം 45.6 ഡിഗ്രി സെൽഷ്യസും 45.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഡൽഹിയിലെ ബേസ് സ്റ്റേഷനായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ 42.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച തലസ്ഥാനത്ത് പലയിടത്തും ശക്തമായ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ നാല് വർണ്ണ കോഡുകളിലാണ് ഐഎംഡി കാലാവസ്ഥാ മുന്നറിയിപ്പുകൾക്കുള്ള ജാ ഗ്രതകൾ നൽകുന്നത്. പച്ച (നടപടി ആവശ്യമില്ല), മഞ്ഞ (കാണുക, അപ്ഡേറ്റ് ചെയ്യുക), ഓറഞ്ച് (തയ്യാറാകുക), ചുവപ്പ് (നടപടി സ്വീകരിക്കുക). എന്നിവയാണ് ഈ കോഡുകൾ.

ശനിയാഴ്ച സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ ഉയർന്ന ചൂട് 44 ഡിഗ്രിയിൽ എത്തുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. എന്നാൽ ചിലയിടങ്ങളിൽ ആകാശം മേഘാവൃതമായി കാണപ്പെടുന്നത് അടുത്ത ആഴ്ച മുതൽ കടുത്ത ചൂടിൽ നിന്ന് രക്ഷപെടാൻ സാധ്യതയുണ്ട് എന്നതിന്റെ സൂചന ആണെന്നും വിദഗ്ധർ പറയുന്നുണ്ട്. ഡൽഹിയിൽ ഈ വർഷം ഇത് അഞ്ചാമത്തെ ഉഷ്ണതരം ഗം ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരെണ്ണം മാർച്ചിലും മൂന്നെണ്ണം ഏപ്രിലിലും റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്ത് മഴ കുറഞ്ഞത് ചൂടുകൂടാൻ കാരണം ആയി എന്നാണ് വിലയിരുത്തുന്നത്.
1951 മുതലുള്ള റിപ്പോർട്ട് പ്രകാരം ഇപ്പോൾ ഡൽഹിയിൽ അനുഭവപ്പെടുന്നത് ഏറ്റവും ഉയർന്ന രണ്ടാമത്തെ വേനലാണ്. നിലവിൽ രാജ്യതലസ്ഥാനത്തെ പ്രതിമാസ ശരാശരി പരമാവധി താപനില 40.2 ഡിഗ്രി സെൽഷ്യസാണ്. മാസാവസാനത്തിലെ ഒരു ഉഷ്ണതരംഗം നഗരത്തിന്റെ പല ഭാഗങ്ങളിലേയും ചൂട് 46, 47 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർത്തി. രാജ്യ തലസ്ഥാനത്തെ പ്രതിമാസ ശരാശരി 12.2 മില്ലിമീറ്റർ മഴ എന്നിരിക്കെ ഏപ്രിൽ മാസത്തിൽ 0.3 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. മാർച്ചിലാകട്ടെ 15.9 മില്ലീമീറ്റർ മഴ ലഭിച്ചു. സാധാരണ അനുഭവപ്പെടുന്ന ചൂടിനെക്കാൾ ഉയർന്ന ചൂടായിരിക്കും ഈ മെയ് മാസത്തിൽ അനുഭവപ്പെടുക എന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ പറഞ്ഞിരുന്നു.












Click it and Unblock the Notifications