കോൺഗ്രസിന് കനത്ത തിരിച്ചടി; ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപിബിജെപിയിൽ
ഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ജാർഖണ്ഡിലെ ഏക എംപി ബി ജെ പിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രിയായ മധു കോഡയുടെ ഭാര്യ ഗീത കോഡയാണ് ബി ജെ പിയിൽ ചേർന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ബാബുൽ മറാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. വെസ്റ്റ് സിങ്ഭും ജില്ലയിലെ ചൈബാസയിൽ നിന്നുള്ള എംപിയാണ് ഗീത.
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ കോൺഗ്രസ് നടത്തുന്ന മുന്നണി ചർച്ചകളിലെ അതൃപ്തിയാണ് ഗീതയുടെ പാർട്ടി മാറ്റത്തിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി ജെ പി പ്രവേശനത്തിന് പിന്നാലെ ഗീത കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തി. കോൺഗ്രസ് പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ഗീത കുറ്റപ്പെടുത്തി.

'കോൺഗ്രസ് രാജ്യത്തെ നാശത്തിലേക്ക് തള്ളിവിട്ടു. പ്രീണന രാഷ്ട്രീയം മാത്രമാണ് കോൺഗ്രസ് ചെയ്യുന്നത്. ഒരു വശത്ത്, എല്ലാവരേയും കൂടെ കൊണ്ടുപോകാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവർ അവകാശപ്പെടുന്നു, എന്നാൽ മറുവശത്ത് അവർ ആരേയും പരിഗണിക്കുന്നില്ല. അവരുടെ കുടുംബത്തെക്കുറിച്ച് മാത്രമാണ് അവരുടെ ആശങ്ക. ജനങ്ങളുടെ കാര്യത്തിൽ തീരെ ആശങ്കയില്ലാത്ത പാർട്ടിയിൽ തുടരുന്നതിൽ കാര്യമില്ല. ബി ജെ പിയുമായി ചേർന്ന് ജനങ്ങളെ സേവിക്കാനാണ് എന്റെ തീരുമാനം. പാർട്ടി എന്നോട് ആവശ്യപ്പെടുന്ന ഏത് നിലയിലും ഞാൻ സംഭാവന നൽകും. ഇന്ത്യയെ വികസിത ഭാരതമാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ താൻ ഒപ്പം ഉണ്ടാകും', ഗീത കോഡ പറഞ്ഞു.
ഗോത്ര വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള ജാർഖണ്ഡിൽ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും ജയിച്ച ഏക നേതാവാണ് ഗീത കോഡ. അന്ന് 72,000ത്തോളം വോട്ടുകൾക്കാണ് ഗീത ബി ജെ പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. 49 ശതമാനത്തോളം വോട്ടുകൾ നേടാൻ ഗീതക്ക് സാധിച്ചിരുന്നു. അതേസമയം എതിരാളിയായ ബി ജെ പിയിലെ ലക്ഷ്മൺ ഗിലുവയ്ക്ക് 41 ശതമാനം വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ.
2009 ൽ മധു കോഡ സ്ഥാപിച്ച ജെ ബി എസ് പാർട്ടിയുടെ ഭാഗമായി ഗന്നത്പുര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ഗീത വിജയിച്ചിരുന്നു. അന്ന് ജെ ബി എസിന്റെ ഭാഗമായി വിജയിച്ച ഏക എം എൽ എ കൂടിയായിരുന്നു ഗീത. 2018 ലാണ് ജെ ബി എസ് കോൺഗ്രസുമായി ലയിച്ചത്.












Click it and Unblock the Notifications