ശരദ് പവാറിന് കനത്ത തിരിച്ചടി: ഔദ്യോഗിക എന്‍സിപി അജിത് പവാറിന്റേതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഡല്‍ഹി: എന്‍ സി പിയിലെ അധികാരപ്പോരില്‍ ശരദ് പവാർ വിഭാഗത്തിന് കനത്ത തിരിച്ചടി. യഥാർത്ഥ എന്‍ സി പി അജിത് പവാർ നയിക്കുന്ന വിഭാഗമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം അടക്കം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ എന്‍ സി പിയുടെ പതാകയും ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കും അജിത് പവാർ വിഭാഗത്തിന് ലഭിക്കും.
"അജിത് അനന്തറാവു പവാറിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ആണെന്നും തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾക്കായി (സംവരണവും വിഹിതവും) അതിൻ്റെ പേരും സംവരണം ചെയ്ത ചിഹ്നമായ "ക്ലോക്ക്" ഉപയോഗിക്കാൻ അർഹതയുണ്ടെന്നും ഈ കമ്മീഷൻ വ്യക്തമാക്കുന്നു." തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിലൂടെ വ്യക്തമാക്കി.

എൻ സി പി പിളർത്തി ഭരണപക്ഷമായ ബി ജെ പിയുമായി കൈകോർത്ത അജിത് പവാർ വിഭാഗത്തിന് അനുകൂലമായി വിധി വന്നേക്കുമെന്ന പ്രതീക്ഷ നേരത്തെ തന്നെ ഉണ്ടായിരുന്നു. നേരത്തെ ശിവസേനയിലും സമാനമായ വിധിയായിരുന്നു വന്നത്. എതിർപക്ഷത്തെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം തള്ളിയതിനു സമാനമായി ശരദ് പവാറിന്റെ ആവശ്യവും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ എന്‍സിപിയിലെ 53 എം എൽ എമാരിൽ 40 പേരും ഒൻപത് എം എൽ സിമാരിൽ 5 പേരും അജിത് പക്ഷത്താണ്. ഇതോടെയായിരുന്നു പാർട്ടിയുടെ പേരും ചിഹ്നവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ അപേക്ഷ നല്‍കിയത്. ശിവസേന കേസിൽ ഷിൻഡെ പക്ഷത്തിനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേരും ചിഹ്നവും അനുവദിച്ചത്.
6 മാസത്തിനിടെ 10-ലധികം ഹിയറിംഗുകൾ നടത്തിയതിന് ശേഷമാണ് അജിത് പവാറിൻ്റെ വിഭാഗത്തിന് അനുകൂലമായി എൻ സി പിയിലെ തർക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിച്ചിരിക്കുന്നത്. ശരദ് പവാർ വിഭാഗത്തിന് പുതിയ പാർട്ടി രൂപീകരണത്തിന് പേര് ക്ലെയിം ചെയ്യാനും മൂന്ന് നിർദേശങ്ങള്‍ കമ്മീഷനിൽ സമർപ്പിക്കാനും കമ്മീഷൻ അവസരം നൽകിയിട്ടുണ്ട്. ഫെബ്രുവരി 7 ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് സമയപരിധി.
എൻ സി പി പിളർന്നതോടെ ശരദ് പവാറിനെ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും അജിത് പവാർ പക്ഷം നീക്കിയിരുന്നു. അതേസമയം, ബി ജെ പി-ശിവസേന സഖ്യ സര്‍ക്കാരില്‍ ചേരുന്നതിന് മുമ്പ് താന്‍ ശരദ് പവാറുമായി ആലോചിച്ചിരുന്നുവെന്നും അദ്ദേഹം തീരുമാനത്തിന് അനുകൂലമായിരുന്നുവെന്നും അജിത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications