ബെംഗളൂരുവിൽ കനത്ത മഴ; 14 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു, വാഹന ഗതാഗതവും തടസപ്പെട്ടു
ബെംഗളൂരു: കനത്ത മഴയേയും മോശം കാലവസ്ഥയേയും തുടർന്ന് ബെംഗളൂരു എയർപോർട്ടിൽ 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ആറ് വിമാനങ്ങൾ പുറപ്പെടാൻ വൈകുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.
'ആകെ 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഇതിൽ 12 എണ്ണം ചെന്നൈയിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കും ഒരെണ്ണം ഹൈദരാബാദിലേക്കുമാണ് തിരിച്ചുവിട്ടുത്. ഏഴ് ഇൻഡിഗോ വിമാനങ്ങളും, മൂന്ന് വിസ്താര, ഗോ എയർ, എയർ ഇന്ത്യ എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടവയിൽ ഉൾപ്പെടുന്നു. ആറ് വിമാന സർവ്വീസുകൾ വൈകിയതായും എയർപോർട്ട് അധികൃതർ അറിയിച്ചു.

മഴ കുറഞ്ഞതോടെ സർവ്വീസുകൾ പുനരാരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുകയാണെന്നും ഉടൻ തന്നെ ഇവ ബാംഗ്ലൂരിലേക്ക് മടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.
വർതൂർ, സർജാപപുര, വൈറ്റ്ഫീൽഡ്, മാരത്തഹള്ളി, ബെല്ലന്തൂർ എന്നിവിടങ്ങളിലാണ് കനത്ത മഴപെയ്തത്. 45.2 മില്ലിമീറ്റർ മഴയാണ് ദേവനഹള്ളിയിൽ പെയ്തതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് പലയിടത്തും വാഹനഗതാഗം തടസപ്പെട്ടു. റോഡിൽ വെള്ളം കയറിയതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications