അസമില്‍ പെരുമഴയും കൊടുങ്കാറ്റും; രണ്ട് കുട്ടികളടക്കം 14 പേര്‍ മരിച്ചു, ദുരിതബാധിതരായി 21000 ത്തിലേറെ പേര്‍
ഗുവാഹത്തി: അസമില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും ശക്തമായ കൊടുങ്കാറ്റിലും വന്‍ നാശനഷ്ടം. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 14 പേരാണ് മരിച്ചതെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എ എസ് ഡി എം എ) ബുള്ളറ്റിന്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി അസമിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കൊടുങ്കാറ്റും മഴയുമാണ്. അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ ബുള്ളറ്റിന്‍ അനുസരിച്ച് മഴക്കെടുതിയില്‍ വെള്ളിയാഴ്ച എട്ട് പേര്‍ മരിച്ചു ദിബ്രുഗഡില്‍ നാല് പേര്‍ ബാര്‍പേട്ടയില്‍ മൂന്ന്, ഗോള്‍പാറയില്‍ ഒരാള്‍ എന്നിങ്ങനെയാണ് കണക്ക്. ശനിയാഴ്ചയാണ് മറ്റ് ആറ് പേര്‍ മരിച്ചത്. തിന്‍സുകിയയില്‍ മൂന്ന്, ബക്‌സയില്‍ രണ്ട്, ദിബ്രുഗഢില്‍ ഒരാള്‍ എന്നിങ്ങനെയാണ് ശനിയാഴ്ചത്തെ കണക്ക്.

കൊടുങ്കാറ്റും ഇടിമിന്നലും മൂലമാണ് പലരുടേയും മരണം സംഭവിച്ചത്. 7,344 വീടുകള്‍ ഉള്‍പ്പെടെ, നിരവധി മരങ്ങളും വൈദ്യുത തൂണുകളും കൊടുങ്കാറ്റില്‍ നിലം പൊത്തി. വീടുകളും സ്വത്തുക്കളും നശിച്ചതിനാല്‍ കുറഞ്ഞത് 21,000 പേരെയെങ്കിലും ദുരിതം ബാധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ഏപ്രില്‍ 18 വരെയെങ്കിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ ഏപ്രില്‍ മാസം മുതല്‍ പേമാരി രേഖപ്പെടുത്തിയിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളില്‍ ഏപ്രില്‍ 18 വരെ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എ ംഡി) ഈ ആഴ്ച ആദ്യം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.
വ്യാഴാഴ്ച, മേഘാലയയിലെ റിബോയ് ജില്ലയില്‍ 1000 - ലധികം വീടുകളെ ചുഴലിക്കാറ്റ് ബാധിച്ചു. ഒരു ബി ഡി ഒ ഓഫീസ്, ഒരു സ്‌കൂള്‍, ഒരു പൊതുമരാമത്ത് വകുപ്പ് ഓഫീസ്, വെറ്റിനറി ഓഫീസുകള്‍ എന്നിവ തകര്‍ന്ന കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ അഞ്ചിന് സംസ്ഥാനത്ത് മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. രാജ്യത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ മഴയും കാറ്റുമുണ്ട്. കര്‍ണാടകയില്‍ രണ്ട് ദിവസമായി പെയ്ത മഴ ബെംഗളൂരു നഗരത്തെ വെള്ളത്തിനടിയിലാക്കിയിരുന്നു. കേരളത്തിലും അടുത്ത് മൂന്ന് ദിവസത്തേക്ക് മഴ മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications