ജമ്മു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി വനിതാ പൈലറ്റും
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളി വനിതാ പൈലറ്റും ഉല്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്ന ആറ്റിങ്ങല്‍ ആവനവഞ്ചേരി സ്വദേശി സുമിത വിജയനാണ് മരിച്ചത്. അപകടത്തില്‍ ഏഴുപേരാണ് മരിച്ചത്. വൈഷ്‌ണോദേവി ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനിയിലെ പൈലറ്റ് ആണ് സുമിത.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയത് എന്നാണ് വിവരം. പ്രൈവറ്റ് കമ്പനിയായ ഹിമാലയന്‍ ഹെലി സര്‍വീസിന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. തകര്‍ന്നുവീണയുടന്‍ കത്തിയമര്‍ന്നതിനാല്‍ ആരും രക്ഷപ്പെട്ടില്ല. മൂടല്‍ മഞ്ഞുമൂലം പല വിമാനങ്ങള്‍ക്കും ജമ്മു എയര്‍പോര്‍ട്ടില്‍ ഇറങ്ങാനായിരുന്നില്ല. ഇതുതന്നെയാകും ഹെലി കോപ്റ്റര്‍ അപകടത്തിനും ഇടയാക്കിയത് എന്നാണ് സൂചന.

വൈഷ്‌ണോദേവീ ക്ഷേത്രത്തിലേക്ക് വര്‍ഷം തോറും ലക്ഷങ്ങളാണ് സന്ദര്‍ശനത്തിനെത്തുന്നത്. ഇവിടേക്ക് തീര്‍ഥാടകരെ എത്തിക്കുന്ന പ്രത്യേക സര്‍വീസ് നടത്തിവരികയായിരുന്നു ഹെലികോപ്റ്റര്‍ കമ്പനി. അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ സര്‍വീസ് തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.
മരിച്ച സുമിതയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇവര്‍ നേരത്തെ വ്യോമസേനയില്‍ ഉദ്യോഗസ്ഥയായിരുന്നു. പിന്നീട് ജോലിയില്‍ നിന്നും സ്വയംവിരമിച്ച് പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications