'പെൺകുട്ടിക്ക് പണം കൊടുത്തു, അവളെ സഹായിച്ചു, പക്ഷേ അവർ എന്നോട് ചെയ്തത് ഇതാണ്'; പോക്സോ കേസിൽ യെഡിയൂരപ്പ
ബെംഗളൂരു: 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികരിച്ച് മുതിർന്ന ബി ജെ പി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബി എസ് യെഡിയൂരപ്പ. താൻ ആ പെൺകുട്ടിയേയും അമ്മയേയും സഹായിക്കുകയാണ് ചെയ്തതെന്നും കാര്യങ്ങൾ വളച്ചൊടിക്കുകയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആരോപണമെന്നും യെഡിയൂരപ്പ പറഞ്ഞു. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.
'അവർ എനിക്കെതിരെ പരാതികൊടു്തതുവെന്ന് ഞാൻ അറിഞ്ഞു. ആ അമ്മയും മകളും സഹായം തേടി പലപ്പോഴും വന്നിട്ടുണ്ട്. അവരെ ഞാൻ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരു തവണ കരഞ്ഞ് ൊണ്ട് വന്നു. അവരെ ഞങ്ങൾ അകത്തേക്ക് വിളിച്ച് കാര്യങ്ങൾ തിരക്കി. നീതി ലഭിച്ചില്ലെന്ന് അവർ പരാതിപ്പെട്ടു.

ഇതോടെ ഞാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണറെ വിളിച്ചു, അവരുടെ പരാതി പരിശോധിക്കാൻ പറഞ്ഞു. അവരെ കമ്മീഷ്ണർ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. അതിന് ശേഷമാണ് അവർ എനിക്കെതിരെ പ്രശ്നങ്ങളുമായി വരാൻ തുടങ്ങിയത്. അവർക്ക് ആരോഗ്യപ്രശ്നമുണ്ടെന്നും അവരോട് സംസാരിക്കുന്നത് നല്ലതല്ലെന്നും ഞാൻ അവരോട് പറഞ്ഞു.
ഇപ്പോൾ അറിയുന്നു എനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്. കേസിനെ നിയമപരമായി തന്നെ നേരിടും. കാര്യങ്ങൾ എങ്ങനെ വളച്ചൊടിക്കുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. അവൾ ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞപ്പോൾ. ഞാൻ അവൾക്ക് കുറച്ച് പണം നൽകിയിരുന്നു. എന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നില്ല', യെഡിയൂരപ്പ പറഞ്ഞു.
ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
കൂട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയതിനെ കുറിച്ച് ചോദിച്ചപ്പോൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കൊണ്ടുപോയതാണെന്നാണ് യെഡിയൂരപ്പ പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. യെഡിയൂരപ്പ പിന്നീട് മാപ്പ് പറയുകയും ഇക്കാര്യം ആരോടും പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും പരാതിയിൽ ഉണ്ട്.
പോക്‌സോ നിയമത്തിലെ സെക്ഷൻ 8 (ലൈംഗിക അതിക്രമം), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 (എ) (ലൈംഗിക പീഡനം) എന്നിവ പ്രകാരമാണ് യെഡിയൂരപ്പയ്ക്കെതിരെ കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാനാകില്ലെന്നും ആഭ്യന്തര മന്ത്രി പരമേശ്വര മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications