രാഹുല്‍ ഗാന്ധിയുടെ ഫ്‌ളയിങ് കിസ് കണ്ടില്ലെന്ന് ഹേമ മാലിനി; സ്മൃതി ഇറാനി കണ്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപി വനിതാ എംപിയെ നോക്കി ഫ്‌ളയിങ് കിസ് നല്‍കിയെന്ന ആരോപണം തള്ളി ഹേമമാലിനി. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഫ്‌ളയിങ് കിസ് നല്‍കുന്നത് കണ്ടില്ലെന്ന് അവര്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വനിതാ അംഗങ്ങള്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കെയാണ് വ്യത്യസ്തമായി ഹേമമാലിനിയുടെ പ്രതികരണം.
മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച അവിശ്വാസ പ്രമേയത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സംസാരിച്ചിരുന്നു. 15 മിനുട്ട് നീണ്ട പ്രസംഗത്തില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം ആഞ്ഞടിച്ചത്. ബിജെപിക്കാര്‍ രാജ്യവിരുദ്ധരാണെന്നും അവര്‍ മണിപ്പൂരിനെ വിഭജിച്ചുവെന്നും ഇന്ത്യയെ മണിപ്പൂരില്‍ കൊല്ലുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

പ്രസംഗത്തിന് ശേഷം സഭയില്‍ നിന്ന് മടങ്ങവെ രാഹുല്‍ ഗാന്ധി ബിജെപിയുടെ അംഗങ്ങളെ നോക്കി ഫ്‌ളയിങ് കിസ് നല്‍കിയെന്ന് ആരോപിച്ചത് സ്മൃതി ഇറാനിയാണ്. രാഹുല്‍ ഗാന്ധിക്ക് ശേഷം ഭരണപക്ഷ ബെഞ്ചില്‍ നിന്ന് സംസാരിക്കാന്‍ എഴുന്നേറ്റ വേളയിലാണ് സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. മോശമായി ആംഗ്യം കാണിച്ചുവെന്നും പാര്‍ലമെന്റ് ചരിത്രത്തില്‍ ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ വനിതാ അംഗങ്ങള്‍ ഒപ്പുവച്ച പരാതി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചു. ഇതില്‍ ഹേമ മാലിനിയും ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഫ്‌ളയിങ് കിസ് നല്‍കുന്നത് താന്‍ കണ്ടില്ലെന്നാണ് ഹേമ മാലിനി പറയുന്നത്. ഇതോടെ സ്മൃതി ഇറാനിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന വാദവും ഉയര്‍ന്നു. രാഹുല്‍ ഫ്‌ളയിങ് കിസ് നല്‍കുന്നു എന്ന് കാണിച്ച് ബിജെപി നേതാക്കള്‍ പാര്‍ലമെന്റിലെ ദൃശ്യം പങ്കുവച്ചു.
ശോഭ കരന്ദ്‌ലജെയുടെ നേതൃത്വത്തിലാണ് ബിജെപി വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. 21 എംപിമാര്‍ പരാതിയില്‍ ഒപ്പുവച്ചിട്ടുണ്ട്. എംപിമാരുടെ സംഘം സ്പീക്കറെ അദ്ദേഹത്തിന്റെ ചേംബറിലെത്തി കണ്ടു. ഈ സംഘത്തില്‍ ഹേമ മാലിനിയും ഉണ്ടായിരുന്നു. അതേസമയം, പാര്‍ലമെന്റിലെ ക്യാമറകളില്‍ രാഹുല്‍ ഗാന്ധിയുടെ കിസ് രംഗമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. സഭ വിട്ടുപോകുമ്പോള്‍ ഭരണപക്ഷ ബെഞ്ചിനെ നോക്കിയാണ് രാഹുല്‍ ഫ്‌ളയിങ് കിസ് നല്‍കിയത്. അവരെ സഹോദരീ സഹോദരന്മാരെ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ഏതെങ്കിലും എംപിയെയോ സ്മൃതി ഇറാനിയെയോ നോക്കിയല്ല അദ്ദേഹം ഫ്‌ളയിങ് കിസ് നല്‍കിയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications