ഹേമന്ത് സോറന്‍ അറസ്റ്റിലേക്ക്? ജാർഖണ്ഡ് മുഖ്യമന്ത്രിയെ നാളെ വീണ്ടും ചോദ്യം ചെയ്യും
റാഞ്ചി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ബുധനാഴ്ച ചോദ്യം ചെയ്യും. റാഞ്ചിയില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. മുഖ്യമന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍ ഇഡി 36 ലക്ഷം രൂപയും ബിഎംഡബ്ല്യു എസ്‌യുവിയും ചില രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹേമന്ത് സോറനെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ഇ ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി സോറന്റെ ഡൽഹിയിലെ വസതിയിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്തിയിരുന്നില്ല. 24 മണിക്കൂറായി മുഖ്യമന്ത്രിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഇഡി അറിയിച്ചതോടെ സോറനെ കാണാതായതായി ബി ജെ പി പരിഹസിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ചൊവ്വാഴ്ച റാഞ്ചിയിലെ വസതിയിൽനിന്നു ഗവർണർ സി പി രാധാകൃഷ്ണന്റെ ഔദ്യോഗിക വസതിയിലേക്കു സോറനെത്തി.

തലസ്ഥാനത്തെ ഔദ്യോഗിക വസതിയിലെത്തിയ ഹേമന്ത് സോറന്‍ ജാർഖണ്ഡ് മുക്തി മോർച്ചയിലെ (ജെ എം എം) എം എൽ എമാരുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കല്‍പനയും കൂടെയുണ്ടായിരുന്നു. ഇതോടെ സോറൻ രാജിവച്ചാൽ ഭാര്യയെ മുഖ്യമന്ത്രിയാക്കിയേക്കുമെന്ന റിപ്പോർട്ടുകളും ശക്തമായി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ച ബി ജെ പി നേതാക്കൾക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് ജെ എം എം സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
ജനുവരി 20-ന് അവസാനിപ്പിച്ചിടത്ത് നിന്ന് ചോദ്യം ചെയ്യൽ തുടരുമെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. സോറനോട് ഏകദേശം 16-17 ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹത്തിൻ്റെ മൊഴി രേഖാമൂലവും ഓഡിയോ-വീഡിയോ ഫോർമാറ്റിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് (പിഎംഎൽഎ) കീഴിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഏഴ് മണിക്കൂറോളം മുഖ്യമന്ത്രിയുടെ വസതിയിൽ ഇഡി അന്വേഷണ ഉദ്യോഗസ്ഥർ അന്ന് ചെലവഴിച്ചിരുന്നു.
ചോദ്യം ചെയ്യലിനായി റാഞ്ചിയിലെ വസതിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഹാജരാകണമെന്നാണ് ഇഡി നിർദേശം. അതോടൊപ്പം തന്നെ, ജാർഖണ്ഡിലെ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിൻ്റെ എല്ലാ നിയമസഭാംഗങ്ങളോടും സംസ്ഥാന തലസ്ഥാനം വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞു.
24 മണിക്കൂറായുള്ള അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ "ഞാൻ നിങ്ങളുടെ ഹൃദയത്തിലാണ് വസിക്കുന്നത്," എന്നായിരുന്നു ഹേമന്ത് സോറന്റെ മറുപടി. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായ 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛവി രഞ്ജൻ ഉൾപ്പെടെ 14 പേരെ കേസിൽ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications