മകൻ പത്താം ക്ലാസ് പാസായത് കഷ്ടിച്ച്; എന്നാൽ അച്ഛനും അമ്മയും ചെയ്തത് കണ്ടോ! കയ്യടിച്ച് സോഷ്യൽമീഡിയ
എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് പത്താം ക്ലാസ് പരീക്ഷ. ഒരു കുട്ടി പത്താം ക്ലാസിൽ എത്തുമ്പോൾ തന്നെ രക്ഷിതാക്കൾക്ക് പരവേശം തുടങ്ങും. പിന്നെയങ്ങോട്ട് കുത്തിയിരുന്നുള്ള പഠിപ്പിന്റെ കാലമാണ്. ടി വിയില്ല, കളിയില്ല, യാത്രകളില്ല, മറ്റ് പരിപാടികൾ ഇല്ല, പഠിത്തം മാത്രം. ഇതാണ് പൊതുവേ കണ്ടുവരാറുള്ളത്.
പരീക്ഷാ സമയം കുട്ടികൾക്കും മാതാപിതാക്കൾക്കും ഉറക്കമില്ലാത്ത നാളുകളാണ്. ഒടുവിൽ റിസൾട്ട് വന്ന് എല്ലാ വിഷയത്തിലും എ പ്ലസോ ഫുൾ മാർക്കോ കിട്ടുമ്പോഴാണ് സമാധാനമാവുക. എന്നാൽ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് വാങ്ങുന്നതാണോ ജീവിതത്തിലെ വിജയം? മാർക്ക് കൊണ്ടാണോ കുട്ടികളെ അളക്കേണ്ടത്?

ജീവിതത്തിലെ വിജയം എന്ന് പറയുന്നത് പരീക്ഷയെഴുതി ലഭിക്കുന്ന മാർക്കല്ല എന്ന് സമൂഹത്തെ പഠിപ്പിച്ചിരിക്കുകയാണ് വിശാൽ എന്ന പത്താം ക്ലാസുകാരന്റെ അച്ഛനും അമ്മയും. പത്താം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ 6 വിഷയങ്ങൾക്ക് വിശാലിന് ലഭിച്ചത് 35 മാർക്ക് വീതം ആയിരുന്നു. വിശാലിന്റെ അച്ഛൻ ഓട്ടോ ഡ്രൈവർ ആണ്. മഹാരാഷ്ട്ര സ്വദേശികളാണ് ഇവർ.
പഠനത്തിൽ അത്ര മിടുക്കനായിരുന്നില്ല വിശാൽ, അതുകൊണ്ട് തന്നെ അവൻ പത്താം ക്ലാസ് ജയിക്കുമോ എന്ന് എല്ലാവർക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ അവന്റെ അച്ഛനും അമ്മയും വിശാലിനെ പ്രോത്സാഹിപ്പിച്ചു. അവർ വിശാലിന് കരുത്തായി. ഒടുവിൽ പരാജയപ്പെടുമെന്ന് എല്ലാവരും നിരന്തരം പറഞ്ഞിരുന്ന വിശാൽ പരീക്ഷ ജയിച്ചു.
മകന് എത്ര മാർക്ക് കിട്ടി എന്നതിലല്ല, തങ്ങളിൾ വിശ്വസിച്ച് അവൻ എല്ലാ വിഷയങ്ങളിലും ജയിച്ചതിലുള്ള സന്തോഷത്തിലാണ് മാതാപിതാക്കൾ. മികച്ച മാർക്ക് ലഭിക്കുമ്പോൾ മാത്രമല്ല മിന്നുന്ന വിജയമാകുന്നതെന്നും എല്ലായ്‌പ്പോഴും വിജയത്തെ അളക്കുന്നത് അവർ വാങ്ങിക്കുന്ന മാർക്ക് വെച്ചാകരുതെന്നും വിദ്യാർത്ഥികളുടെ പ്രയത്നം, വളർച്ച എന്നിവയിലൊക്കെയാവണം വിജയം കണ്ടെത്തേണ്ടതെന്നും ഈ കുടുംബം നമ്മളെ പഠിപ്പിക്കുന്നു.












Click it and Unblock the Notifications