Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്രുവിന് മൗണ്ട് ബാറ്റൺ നല്‍കിയ ചെങ്കോല്‍ പുതിയ പാർലമെന്റിലേക്ക്: ഉത്ഭവം മദ്രാസില്‍, ചരിത്രം അറിയാം

ദില്ലി: പ്രതിപക്ഷ വിമർശനങ്ങള്‍ക്കിടയിലും പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഞായറാഴ്ച നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുടെ സീറ്റിന് സമീപം ചരിത്രപരമായ സ്വർണ്ണ ചെങ്കോൽ സ്ഥാപിക്കുമെന്നും അമിത് ഷാ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കൈമാറിയതാണ് ഈ ചെങ്കോലെന്നും ഷാ പറഞ്ഞു. ചെങ്കോലിനെ യഥാർത്ഥത്തില്‍ "സെങ്കോൾ" എന്നാണ് വിളിക്കുന്നതെന്നും "നീതി" എന്നർത്ഥം വരുന്ന "സെമ്മായി" എന്ന തമിഴ് വാക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

parliament

ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു പ്രധാനമന്ത്രി നെഹ്‌റുവിനോട് ചോദിച്ച ഒരു ലളിതമായ ചോദ്യത്തോടെ ആരംഭിച്ച സംഭവങ്ങളുടെ ഒരു ശൃംഖലയ്ക്ക് ശേഷമാണ് ചരിത്രപ്രസിന്ധമായ ഈ ചെങ്കോല്‍ നിലവിൽ വരുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ അധികാര കൈമാറ്റത്തെ അടയാളപ്പെടുത്തുന്നതെന്താണെന്ന ചോദ്യം നെഹ്രുവിനോട് മൗണ്ട് ബാറ്റൺ ചോദിച്ചിരുന്നുവെന്നാണ് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തില്‍ നെഹ്‌റു ഉപദേശത്തിനായി രാജ്യത്തിന്റെ അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയെ സമീപിക്കുകയായിരുന്നു. ഈ അവസരത്തിലാണ് അധികാരത്തിൽ വരുമ്പോൾ മഹാപുരോഹിതൻ പുതിയ രാജാവിന് ചെങ്കോൽ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച് രാജാജി എന്ന് പൊതുവെ അറിയപ്പെടുന്ന രാജഗോപാലാചാരി പ്രധാനമന്ത്രി നെഹ്‌റുവിനോട് പറയുന്നത്.

ചോളരുടെ ഭരണകാലത്ത് ഇത്തരമൊരു പാരമ്പര്യം പിന്തുടർന്നിരുന്നുവെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഇത് അടയാളപ്പെടുത്തുമെന്നും രാജാജി അഭിപ്രായപ്പെട്ടു. രാജാജിയുടെ നിർദേശം സ്വീകരിച്ച നെഹ്രു ചെങ്കോല്‍ രൂപ്പെടുത്താന്‍ അദ്ദേഹത്തെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോൽ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തിന് നിയോഗിക്കപ്പെട്ട രാജാജി തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ചുമതല ഏറ്റുവാങ്ങി. അന്ന് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന ചെന്നൈയിലെ ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് മാഠാധിപതിയുടെ നിർദേശത്ത തുടർന്ന് ചെങ്കോല്‍ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ചെങ്കോലിന് മുകള്‍ ഭാഗത്തായി നീതിയുടെ പ്രതീകമായ ഒരു 'നന്ദി' കാളയും സ്ഥിതി ചെയ്യുന്നുണ്ട്.

new-parliament-building

മഠത്തിലെ ഒരു മുതിർന്ന പുരോഹിതൻ ചെങ്കോൽ ആദ്യം മൗണ്ട് ബാറ്റണിന് കൈമാറുകയും പിന്നീട് അത് തിരികെ വാങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് അതില്‍ ഗംഗാജലം തളിച്ച് വീണ്ടും തിരികെ നല്‍കുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അർദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പാണ് നെഹ്രുവിന്റെ കയ്യിലേക്ക് ചെങ്കോലെത്തുന്നത്. പ്രഥമ പ്രധാനമന്ത്രി ചെങ്കോൽ ഏറ്റുവാങ്ങുമ്പോൾ ഒരു പ്രത്യേക ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തിരുന്നു.

'ചെങ്കോലിന്റെ'ന്റെ ചരിത്രവും പ്രാധാന്യവും പലർക്കും അറിയില്ലെന്നാണ് ആഭ്യന്തരമന്ത്രി ഷാ അഭിപ്രായപ്പെടുന്നത്. പുതിയ പാർലമെന്റിൽ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റിൽ ചെങ്കോല്‍ സ്ഥാപിക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഷാ പറഞ്ഞു. അലഹബാദിലെ മ്യൂസിയത്തിലാണ് ചെങ്കോല്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ഇത് ഉടന്‍ ദില്ലിയിലേക്ക് എത്തിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+