ഇനിയും ആധാറുമായി റേഷൻ കാർഡ് ലിങ്ക് ചെയ്തില്ലേ? ഓൺലൈനായും ഓഫ് ലൈനായും ലിങ്ക് ചെയ്യാം; ഇങ്ങനെ
വോട്ടർ ഐഡി, റേഷൻകാർഡ്, പാൻ കാർഡ്, ആധാർ തുടങ്ങിയവയൊക്കെ വളരെ പ്രധാനപ്പെട്ട രേഖകളാണ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ഉള്ളവ റേഷനായി പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് കിഴിവ് വിലയിലോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് ആവശ്യമാണ്. ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു. മാർച്ച് 31 വരെയായിരുന്നു ബന്ധിപ്പിക്കാനുള്ള സമയം. എന്നാൽ സമയപരിധി ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുകയാണ്.
ഈ മാസം 30 വരെ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സമയമുണ്ട്. റേഷൻ കാർഡുകളുടെ സുതാര്യത ഉറപ്പാക്കാനും അർഹരായ ആളുകളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കാനും ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ ഇല്ലാതാക്കാനും ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ് റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞത്.

റേഷൻ കാർഡിൽ പേരുള്ള ആർക്കും ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഓൺലൈനായും ഓഫ് ലൈനായും ലിങ്ക് ചെയ്യാൻ സൗകര്യമുണ്ട്. ഓൺലൈനായി ചെയ്യുന്നതാണ് എളുപ്പം . എങ്ങനെ ആധാറുമായി ലിങ്ക് ചെയ്യാമെന്ന് നോക്കാം.
കേരളത്തിൻറെ പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും സ്വന്തം പോർട്ടൽ ഉണ്ടായിരിക്കുന്നതാണ്. ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം തുറന്നുവരുന്ന പേജിൽ റേഷൻകാർഡ്, ആധാർ കാർഡ് , രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. അതിന് ശേഷം "തുടരുക/സമർപ്പിക്കുക" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇതിന് പിന്നാലെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ആ ഒടിപി നൽകുക. റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് സന്ദേശം ലഭിക്കും. ആധാറുമായി റേഷൻ കാർഡ് ലിങ്കായിക്കഴിഞ്ഞു.
ഇനി ഓൺലൈൻ അല്ലാതെ ഓഫ് ലൈനായി എങ്ങനെ ആധാർ - റേഷൻ കാർഡ് ലിങ്ക് ചെയ്യാം എന്ന് നോക്കാം.
ആവശ്യമായ രേഖകളുമായി അടുത്തുള്ള പൊതുവിതരണ കേന്ദ്രത്തിലോ റേഷൻ കടയിലോ ചെല്ലുക. റേഷൻ കാർഡിലുള്ള എല്ലാ അംഗങ്ങളുടെയും ആധാർ കാർഡിന്റെ ഫോട്ടോകോപ്പി, കാർഡിൽ പേരുള്ള ആളുകളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് വേണം.
ഈ രേഖകൾ റേഷൻ കടയിൽ കൊടുക്കാം. ആധാർ കാർഡ് നിങ്ങളുടേത് ആണെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ പിഡിഎസ്/ റേഷൻ കടയിലുള്ള ഉത്തരവാദപ്പെട്ടവർ വിരലടയാളം പ്രൂവ് ചെയ്യാനുള്ള നടപടി കൂടി എടുക്കും.












Click it and Unblock the Notifications