'സന്തുഷ്ടമായ ജീവിതം നേരുന്നു'; വിവാഹ മോചനവാര്‍ത്തകള്‍ക്കിടെ സാനിയയ്ക്ക് മാലിക്കിന്റെ ഹൃദയഹാരിയായ ജന്മദിനാശംസ
ദുബായ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകളാണ് കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇരുവരും വിവാഹബന്ധം വേര്‍പെടുത്തി എന്നും ഇനി നിയമനടപടികള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇതിനിടയിലാണ് ഇരുവരും ഒന്നിച്ചുള്ള റിയാലിറ്റി ഷോ വരാന്‍ പോകുന്നു എന്ന വാര്‍ത്തകളും വന്ന് തുടങ്ങിയത്. ഇപ്പോഴിതാ സാനിയ മിര്‍സയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഷൊയ്ബ് മാലിക് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

ഇന്നാണ് സാനിയ മിര്‍സയുടെ 36-ാം ജന്മദിനം. 1986 ല്‍ മുംബൈയിലായിരുന്നു സാനിയ മിര്‍സയുടെ ജനനം. കുഞ്ഞുനാള്‍ തൊട്ട് ടെന്നീസിനോട് താല്‍പര്യം കാണിച്ച സാനിയ ഇന്ത്യന്‍ ടെന്നീസിലേക്കും ലോക ടെന്നീസിലേക്കും കാലെടുത്ത് വെച്ചത് അതിവേഗമായിരുന്നു. വളരെ പെട്ടെന്ന് ലോകവേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനും വിജയം നേടാനും സാനിയ മിര്‍സക്കായി.

ഇന്ത്യക്കായി സിംഗിള്‍സിലും ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഒട്ടനവധി വിജയങ്ങള്‍ സ്വന്തമാക്കിയ സാനിയ മിര്‍സ 2010 ലാണ് ഷൊയ്ബ് മാലിക്കിനെ വിവാഹം ചെയ്യുന്നത്. 2018 ല്‍ ഇരുവര്‍ക്കും ഇഹ്‌സാന്‍ മിര്‍സ മാലിക്ക് എന്ന കുഞ്ഞും പിറന്നു. അടുത്തിടെയാണ് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. മകന്റെ ജന്മദിനാഘോഷത്തിന് ശേഷം ഇത് മൂര്‍ച്ഛിക്കുകയും ചെയ്തു.

മകന്റെ ജന്മദിനത്തിന് ഷൊയ്ബ് മാലിക് സാനിയ മിര്‍സക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചെങ്കിലും സാനിയ മകനൊപ്പമുള്ള തന്റെ ചിത്രവും വൈകാരികമായ കുറിപ്പുമായിരുന്നു പങ്കു വെച്ചത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ട് എന്ന വ്യാഖ്യാനങ്ങള്‍ വന്ന് തുടങ്ങിയത്. ഇതിന് പിന്നാലെ ഷൊയ്ബ് മാലിക്ക് ഒരു ഷോയ്ക്കിടെ സാനിയയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തനിക്കറിയില്ല എന്ന് മറുപടി പറഞ്ഞതോടെ അഭ്യൂഹങ്ങള്‍ ശക്തമായി.

ഇതിന് ശേഷം സാനിയ മിര്‍സ താന്‍ വലിയ പ്രയാസമേറിയ ദിനങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും പങ്കുവെച്ചിരുന്നു. പിന്നാലെ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഷൊയ്ബ് മാലിക്കുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉറുദു ഒടിടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്ളിക്സ് സാനിയയും ഷുഹൈബും ഒരുമിച്ചുള്ള റിയാലിറ്റി ഷോയുടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

'ദി മിര്‍സ മാലിക് ഷോ' എന്ന തലക്കെട്ടിലുള്ള അവരുടെ വരാനിരിക്കുന്ന ടോക്ക് ഷോയില്‍ സാനിയയും ഷൊയ്ബും സഹകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഇവരുടെ വിവാഹമോചന വാര്‍ത്തകള്‍ സംബന്ധിച്ച് സംശയം ഉടലെടുത്തു. ഇതിന് പിന്നാലെയാണ് ഷൊയ്ബ് മാലിക്ക്, സാനിയ മിര്‍സയുടെ ജന്മദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പും സാനിയയ്‌ക്കൊപ്പമുള്ള ചിത്രവും പങ്ക് വെച്ച് ആശംസ അറിയിച്ചിരിക്കുന്നത്.

സാനിയ മിര്‍സ, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു. വളരെ ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം താങ്കള്‍ക്ക് നേരുന്നു! ഈ ദിവസം പൂര്‍ണ്ണമായി ആസ്വദിക്കൂ...' എന്നാണ് സാനിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് ഷൊയ്ബ് മാലിക് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിന് താഴെ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസയറിയിക്കുന്നുണ്ട്. വിവാഹമോചന വാര്‍ത്തകളെ കുറിച്ചും പലരും ചോദിക്കുന്നുണ്ട്.

വിവാഹ മോചന വാര്‍ത്തകള്‍ വ്യാപകമായപ്പോഴും ഇതിനെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുബായില്‍ മകന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് ഇരുവരും അവസാനമായി പൊതുപരിപാചിയില്‍ ഒരുമിച്ച് എത്തിയത്. വിവാഹ ശേഷം സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ദുബായിലാണ് താമസിച്ചിരുന്നത്. ഒന്നിച്ചുള്ള ടോക് ഷോയും ജന്മദിനാശംസയും വന്നതോടെ വിവാഹ മോചന വാര്‍ത്തകള്‍ വ്യാജമായിരുന്നോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications