ലണ്ടനിൽ നവവധുവിനെ കാത്ത് മന്‍ഫൂല്‍, ഖുശ്ബു ഇനി വരില്ല, വിവാഹം കഴിഞ്ഞ് നാളുകൾ മാത്രം, കണ്ണീരോർമ്മ
ന്യൂ ഡല്‍ഹി: നിരവധി സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കിയാണ് 241 പേര്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിനൊപ്പം എരിഞ്ഞടങ്ങിയത്. അതില്‍ ആരുടെയൊക്കെയോ അച്ഛന്മാരും അമ്മമാരും അനിയത്തിമാരും ഏട്ടന്മാരും അനിയന്മാരും സുഹൃത്തുക്കളും ഭര്‍ത്താക്കന്മാരും ഭാര്യമാരും ഒക്കെയുണ്ട്.
ഏതാനും മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്ത് പറന്നിറങ്ങേണ്ടവരായിരുന്നു അവരോരോരുത്തരും. അവരെ കാത്തിരുന്നവര്‍ക്ക് കണ്ണീരും ഓര്‍മ്മകളും മാത്രം ബാക്കി. ഉറ്റവരോട് കൈവീശി ചിരിയോടെ വിമാനമേറിയ അവരാരും ഇനി തിരികെ വരില്ല. ലണ്ടനില്‍ ഖുശ്ബുവിന്റെ വരവും കാത്തിരിക്കുകയായിരുന്നു മന്‍ഫൂല്‍ സിംഗ്.

രാജസ്ഥാനിലെ ബലോതര ജില്ലയിലെ അറാബ സ്വദേശിനിയാണ് ഖുശ്ബു രാജ്പുരോഹിത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ ദൗര്‍ഭാഗ്യവാന്മാരായ യാത്രക്കാരിലൊരാള്‍. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഖുശ്ബുവും മന്‍ഫൂല്‍ സിംഗും വിവാഹിതരായത്. ലണ്ടനില്‍ വിദ്യാര്‍ത്ഥിയാണ് മന്‍ഫൂല്‍ സിംഗ്. ഇരുവരും വിവാഹ ജീവിതം ജീവിച്ച് തുടങ്ങിയിട്ടേ ഉളളൂ. മൈലുകള്‍ക്കകലെ ഉളള ഭര്‍ത്താവിന്റെ അരികിലേക്ക് ബാഗിനൊപ്പം സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറച്ച മനസ്സുമായാണ് ഖുശ്ബു വിമാനം കയറിയത്. എന്നാല്‍ മടക്കമില്ലാത്ത യാത്രയാണ് അതെന്ന് ഖുശ്ബുവോ മന്‍ഫൂലോ സ്വപ്‌നത്തില്‍ പോലും വിചാരിച്ച് കാണില്ല. കല്യാണ മാലയുടെ പുതുക്കം മാറും മുന്‍പേ ഖുശ്ബു ഓര്‍മ്മയായി മാറി.
വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ ഖുശ്ബു അടക്കം 11 പേരും രാജസ്ഥാന്‍ സ്വദേശികളാണ്. ഇംഗ്ലണ്ടില്‍ ഷെഫ് ആയി ജോലി കിട്ടി പോവുകയായിരുന്ന രണ്ട് പേരും ലണ്ടനിലെ മാര്‍ബിള്‍ വ്യവസായിയുടെ മകനും മകളും മരണമടഞ്ഞവരില്‍പ്പെടുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ 1.38നാണ് എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന് വീണത്. 825 അടി ഉയരത്തിലേക്ക് പോയ വിമാനം പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു.
വിമാനത്തിന്റെ പൈലറ്റ് അപായ സൂചനയായ മെയ് ഡേ കോള്‍ നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തിരിച്ചുളള മറുപടി ലഭിക്കും മുന്‍പ് തന്നെ വിമാനം കത്തിയമര്‍ന്നു. 242 പേരുണ്ടായിരുന്ന വിമാനത്തില്‍ 169 പേരായിരുന്നു ഇന്ത്യക്കാര്‍. 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും 7 പേര്‍ പോര്‍ച്ചുഗീസ് പൗരന്മാരും ഒരാള്‍ കാനഡ പൗരനും ആയിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മരണപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ലണ്ടനില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക് ആയിരുന്നു രൂപാണിയുടെ യാത്ര. അതേസമയം വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ 5 യുവഡോക്ടര്‍മാരും മരണപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications