ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന് സമയപരിധി വെക്കുമോ? മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍
2021-ല്‍ ചൈനീസ് സര്‍ക്കാര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ സമയം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം ആലോചിച്ചിട്ടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്

ന്യൂദല്‍ഹി: കുട്ടികള്‍ ഓണ്‍ലൈനില്‍ ഗെയിം കളിക്കാന്‍ കഴിയുന്ന സമയം പരിമിതപ്പെടുത്താന്‍ പദ്ധതിയില്ലെന്ന് ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ലോക്‌സഭയില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ഗെയിമുകളുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന അപകടസാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് സര്‍ക്കാരിന് അറിയാം എന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനില്‍ അക്രമാസക്തമായ വീഡിയോ ഗെയിമുകളുടെ പ്രവണതയുണ്ടെന്നും ആഴ്ചയില്‍ പരമാവധി മൂന്ന് മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ കുട്ടികളെ അനുവദിക്കുന്ന തരത്തില്‍ പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം.
ഖജുരാഹോ അംഗം വിഷ്ണു ദത്ത് ശര്‍മ്മയാണ് ലോക്‌സഭയില്‍ ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

നേരത്തെ 2021-ല്‍ ചൈനീസ് സര്‍ക്കാര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു മണിക്കൂറായി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സുതാര്യവും സുരക്ഷിതവും വിശ്വസനീയവുമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോം ഇടനിലക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ ഉള്ളടക്കത്തിന്റെ വിവിധ വിഭാഗങ്ങളില്‍ ഒന്നാണ് ഓണ്‍ലൈന്‍ ഗെയിം ഉള്ളടക്കവും എന്നും മന്ത്രി പറഞ്ഞു. ഗെയിം സ്രഷ്ടാക്കളോട് കുട്ടികള്‍ക്ക് ഹാനികരമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്












Click it and Unblock the Notifications