അഖിലേഷും മായാവതിയും വെറുപ്പ് പരത്തുന്നവരല്ല.. അവരെ എനിക്കറിയാം; വിമര്‍ശനത്തോട് പ്രതികരിച്ച് രാഹുല്‍
ന്യൂദല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി. അഖിലേഷ് ജിയും മായാവതിയും മറ്റുള്ളവരും ഇന്ത്യയിലെ സ്‌നേഹവും ഐക്യവും തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നത് എന്നും തങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായ ചില ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്വേഷത്തിനെതിരായ യാത്രയില്‍ അഖിലേഷ് യാദവിനും മായാവതിക്കും ബന്ധമുണ്ട്. ഭാരത് ജോഡോ യാത്ര എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു. ഈ യാത്രയില്‍ ആരൊക്കെ ചേരും എന്നതിനെക്കുറിച്ച് താന്‍ പ്രതികരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'വെറുപ്പും സ്‌നേഹവും വിപരീതമായ കാര്യങ്ങളാണ്. പലരും സ്‌നേഹം പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അഖിലേഷ് ജിയും മായാവതി ജിയും വെറുപ്പ് പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം, രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ് എന്നും അതിനാല്‍ ഭാരത് ജോഡോ യാത്രയില്‍ ചേരില്ലെന്നും അഖിലേഷ് യാദവ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബി ജെ പിയും കോണ്‍ഗ്രസും ഒരുപോലെയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം അങ്ങനെയായിരുന്നെങ്കില്‍ നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പറയേണ്ടി വരില്ലായിരുന്നു.

രണ്ട് പാര്‍ട്ടികളും ഒന്നാണെങ്കില്‍ മോദി ആവശ്യപ്പെടുന്നത് ബി ജെ പി മുക്ത ഭാരതമാണോ. എന്നാല്‍ അഖിലേഷ് ജിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി പാര്‍ട്ടിക്ക് ദേശീയ ചട്ടക്കൂടില്ല. തീര്‍ച്ചയായും അവര്‍ക്ക് യു പിയില്‍ ഒരു സ്ഥാനമുണ്ട്. ആ സ്ഥാനം പ്രതിരോധിക്കപ്പെടേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്. അതിനാല്‍അദ്ദേഹം യാത്രയ്ക്ക് വരില്ല.

എന്നാല്‍ സമാജ്വാദി പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ കേരളത്തിലോ ബീഹാറിലോ കര്‍ണാടകയിലോപ്രവര്‍ത്തിക്കില്ല. പ്രതിപക്ഷത്തിന് ദേശീയ ചട്ടക്കൂട് നല്‍കുക എന്നതാണ് ഞങ്ങളുടെ ജോലി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആദരവും ബഹുമാനവും ഉണ്ടെന്ന് ഉറപ്പാക്കുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തണമാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അത് പരസ്പര ബഹുമാനമായിരിക്കണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശനയം ആശങ്കപ്പെടുത്തുന്നതാണ്. അതിന് രാജ്യം വലിയ വില നല്‍കുകയാണെന്നും അതിര്‍ത്തി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പറഞ്ഞു. ഞാന്‍ സൈന്യത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. ഞാന്‍ സര്‍ക്കാരിനെക്കുറിച്ചാണ് സംസാരിക്കുന്നത്. സൈന്യത്തിനും നാവികസേനയ്ക്കും വ്യോമസേനയ്ക്കും പിന്നില്‍ സര്‍ക്കാരിന് ഒളിക്കാനാവില്ല എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ഭാരത് ജോഡോ യാത്രക്ക് സാധിച്ചു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ബി ജെ പിക്ക് ധാരാളം പണമുണ്ട്. എന്നാല്‍ അവര്‍ എന്ത് ചെയ്താലും സത്യത്തോട് പോരാടാന്‍ കഴിയില്ല എന്നും ഒരു മുന്‍ ധാരണയുമില്ലാതെയാണ് താന്‍ യാത്ര ആരംഭിച്ചതെന്നും ഇതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications