'കേന്ദ്രം ഒഡിഷയെ ഒരുപാട് സഹായിക്കുന്നു, അതുകൊണ്ട്...'; അവിശ്വാസപ്രമേയത്തെ പിന്തുണക്കാതെ ബിജെഡി
ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ സഖ്യം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കാതെ ബി ജെ ഡി. തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി ജെ പിക്ക് എതിരാണെങ്കിലും അവിശ്വാസപ്രമേയത്തെ പിന്തുണക്കാനാകില്ല എന്ന് ബി ജെ ഡി എം പി പിനാകി മിശ്ര പറഞ്ഞു. അവിശ്വാസപ്രമേയ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിനാകി മിശ്ര.
സംഭവത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തണം. എന്നാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് കുറ്റപ്പെടുത്തുന്നതിന് പകരം ക്രിയാത്മകമായ പരിഹാരങ്ങള്‍ നല്‍കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഭിന്നതകളിലല്ല, ഒരേ സ്വരത്തിലാണ് നമ്മള്‍ സംസാരിക്കേണ്ടത് എന്നും ബി ജെ ഡി എം പി എം പി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് എതിരാണ്. എന്നാല്‍ ഒഡീഷയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെയ്ത നിരവധി കാര്യങ്ങള്‍ക്ക് ഞാന്‍ നന്ദിയുള്ളവനാണ്. എന്തുതന്നെയായാലും കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ എന്റെ പാര്‍ട്ടിക്കും എനിക്കും കഴിയില്ല', എന്നായിരുന്നു പിനാകി മിശ്ര പറഞ്ഞത്. മണിപ്പൂരില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ഹൃദയഭേദകമാണ്.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തെ പാര്‍ലമെന്റില്‍ പിന്താങ്ങാനാകില്ല. കാരണം പതിറ്റാണ്ടുകളായി തുടരുന്ന ഒരു പൈതൃക പ്രശ്‌നത്തിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത് എന്നും പിനാകി മിശ്ര കൂട്ടിച്ചേര്‍ത്തു. അതിനിടെ വനിതാ സംവരണ ബില്‍ പാസാക്കണം എന്നും അദ്ദേഹം പറഞ്ഞു.
'ഈ സര്‍ക്കാരിന് ഈ സഭയുടെ വിശ്വാസമില്ലെന്ന് എനിക്ക് തോന്നുന്നത് വനിതാ സംവരണ ബില്‍ പൂര്‍ണ്ണമായിട്ടും കൊണ്ടുവന്നില്ല എന്നില്‍ മാത്രമാണ്. അതിനുള്ള അധികാരം അവര്‍ക്ക് ജനങ്ങള്‍ നല്‍കി. ശീതകാല സമ്മേളനമായ ഒരു പാര്‍ലമെന്റ് സമ്മേളനം മാത്രമേ നമുക്ക് ഇനിയുള്ളൂ. ബില്‍ കൊണ്ടുവന്ന് ഐകകണ്ഠേന പാസാക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. 15 മിനിറ്റിനുള്ളില്‍ ചെയ്യാം,' അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ശക്തമായി പരാജയപ്പെടുമെന്നും അത് തള്ളിക്കളയുമെന്നുമുള്ള കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഈ പ്രമേയം കൊണ്ടുവന്നത് കോണ്‍ഗ്രസിന് ഒട്ടും ഗുണം ചെയ്യില്ലെന്ന് താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications