Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനേക്കാള്‍ ഒരുപടി മുന്നില്‍, മോദി-യോഗി കൂട്ടുകെട്ട് തകര്‍ത്ത നേതാവ്; എന്തുകൊണ്ട് പ്രിയങ്ക?

ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുകയും പ്രിയങ്ക ഗാന്ധി പകരമെത്തുകയും ചെയ്യുന്നു എന്ന് ഉറപ്പായിരിക്കുകയാണ്. പൊതുരംഗത്ത് പതിറ്റാണ്ടിലേറെയായി സജീവമായുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും അതുവഴി പാര്‍ലമെന്ററി ജീവിതത്തിലേക്കും കടക്കുകയാണ് പ്രിയങ്ക ഗാന്ധി. രാഹുലിന് മൂന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച വയനാട്ടില്‍ പ്രിയങ്കയ്ക്ക് ജയം ഉറപ്പാണ്.

ഇതോടെ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഒരേ സമയം പാര്‍മെന്റിലുണ്ടാകും എന്ന സവിശേഷതയും കൈവന്നിരിക്കുകയാണ്. രാഹുലും പ്രിയങ്കയും ലോക്‌സഭയിലുണ്ടാകുമ്പോള്‍ സോണിയ ഗാന്ധി രാജ്യസഭയിലാകും എന്ന് മാത്രം. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

priyanka gandhi

ആരാണ് പ്രിയങ്ക?

ആദ്യം അമ്മക്കൊപ്പം പിന്നീട് സഹോദരനൊപ്പവും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നിഴല്‍ പോലെ ഒപ്പം നടന്നയാളാണ് പ്രിയങ്ക. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇതുവരെ പ്രിയങ്ക തയ്യാറായിട്ടില്ല. അതേസമയം കോണ്‍ഗ്രസിന്റെ താരപ്രചാരകരില്‍ ഒരാളാണ് താനും പ്രിയങ്ക. തിരഞ്ഞെടുപ്പ് റാലികളില്‍ രാഹുലിനൊപ്പമോ രാഹുലിനേക്കാള്‍ ഒരുപടി മുകളിലോ ആണ് പ്രിയങ്കയുടെ പ്രസംഗങ്ങള്‍ സ്ഥാനം പിടിക്കുന്നത്.

അത് തന്നെയാണ് കോണ്‍ഗ്രസിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ എന്ന നിലയിലേക്ക് പ്രിയങ്കയെ എത്തിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ രാഹുലിനേക്കാള്‍ കൂടുതല്‍ ഗ്രൗണ്ടിലിറങ്ങി പ്രവര്‍ത്തിച്ചത് പ്രിയങ്കയാണ് എന്ന് പറയാം. ഹാത്രാസ്, ലഖിംപൂര്‍ ഖേരി, കര്‍ഷക സമരം തുടങ്ങി എല്ലാ പ്രശ്‌നങ്ങളിലും പ്രിയങ്ക ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. യുപിയിലും ഹിന്ദി ഹൃദയഭൂമിയിലും കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ഇതെല്ലാം സഹായകമായി എന്നത് സംശയമില്ലാത്ത കാര്യമാണ്.

എന്തുകൊണ്ട് പ്രിയങ്ക?

1997-ല്‍ ബിസിനസുകാരനായ റോബര്‍ട്ട് വാദ്രയുമായുള്ള പ്രിയങ്കയുടെ വിവാഹം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. രാഷ്ട്രീയത്തിലേക്ക് വരാന്‍ അതിന് മുന്‍പും ശേഷവും അവസരമുണ്ടായിട്ടും സജീവമായിരുന്നില്ല പ്രിയങ്ക. എങ്കിലും ഏറ്റവും താഴെത്തട്ടിലിറങ്ങി ജനങ്ങളുമായി സംവദിക്കാന്‍ അവര്‍ക്ക് പ്രത്യേകമായ കഴിവുണ്ടായിരുന്നു. കുടുംബകോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ ജനപ്രിയ മുഖമാണ് പ്രിയങ്ക.

2004 ലെ പൊതു തിരഞ്ഞെടുപ്പില്‍ സോണിയയുടെ പ്രചാരണ മാനേജരായിരുന്നു പ്രിയങ്ക. പിന്നീട് സഹോദരന്റെ രാഷ്ട്രീയ ജീവിതത്തിലും നിഴലായി കൂടെ നിന്നു. 2019 ല്‍ ആണ് പ്രിയങ്കയുടെ മറ്റൊരു മുഖം രാജ്യം കണ്ടത്. ബിജെപിയുടെ തേരോട്ടത്തിന് ചുക്കാന്‍ പിടിച്ച യുപിയില്‍ നിന്ന് തന്നെയായിരുന്നു പ്രിയങ്കയുടെ തുടക്കം. ഒരുവേള മോദിക്കും യോഗിക്കും എതിരെ പ്രിയങ്ക എന്ന മാനങ്ങള്‍ വരെ ചിത്രീകരിക്കപ്പെട്ടു.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് 2020 സെപ്തംബറില്‍ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ജനറല്‍ സെക്രട്ടറിയായും അവരെ ചുമതലപ്പെടുത്തി. മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയുടെ മുഖസാദൃശ്യമുള്ളതിനാല്‍ തന്നെ കോണ്‍ഗ്രസിന്റെ അടുത്ത മുഖമായി പ്രിയങ്ക ഉയര്‍ത്തി കാട്ടപ്പെട്ടു. ഒടുവില്‍ വാരണാസിയില്‍ നിന്ന് മോദിക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുള്ള നേതാവായി വരെ പ്രിയങ്ക ഉയര്‍ന്നു.

യുപി കോണ്‍ഗ്രസിന്റെ സംഘടനാ ഘടനയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിട്ടും പാര്‍ട്ടി 2022ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടു. എങ്കിലും അടിസ്ഥാന പ്രശ്‌നങ്ങളിലൂന്നി പ്രിയങ്ക രാജ്യം മുഴുവന്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള വഴിയൊരുക്കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അതിന് ഉദാഹരണമാണ്. വനിതാ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് അവര്‍ മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു.

ഫലമോ കര്‍ണാടകയില്‍ മിന്നും ജയമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ രണ്ട് യാത്രകള്‍ രാജ്യത്തുടനീളം അലയൊലികള്‍ സൃഷ്ടിച്ചപ്പോള്‍ അതിന് തുടക്കമിട്ടതും നിലനിര്‍ത്തിയതും പ്രിയങ്കയാണ് എന്ന് നിസംശയം പറയാം. കോണ്‍ഗ്രസ് വളരെക്കാലമായി മികച്ച പ്രചാരകനെ തേടുകയായിരുന്നു. ഒരുവശത്ത് രാഹുലുണ്ടെങ്കിലും അദ്ദേഹത്തിന് പിന്തുണ കൊടുക്കാന്‍ മറ്റൊരാള്‍ വേണമായിരുന്നു.

അത് വൃത്തിയായി ചെയ്യാന്‍ പ്രിയങ്കയ്ക്കറിയാം എന്നതാണ് അവരുടെ മേന്മ. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അത് കണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും മറ്റ് ബി ജെ പി നേതാക്കളില്‍ നിന്നുമുള്ള നിരന്തരമായ ആക്ഷേപങ്ങളെ ചെറുക്കുന്നതില്‍ പ്രിയങ്ക കാണിച്ച അസാമാന്യമായ പോരാട്ടം നിര്‍ണായകമായിരുന്നു. മോദിയുടെ ''സ്വര്‍ണ്ണവും മംഗളസൂത്രവും'' എന്ന പരാമര്‍ശത്തെ അതേനിലയിലാണ് പ്രിയങ്ക തിരിച്ചടിച്ചത്.

തന്റെ അമ്മ സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി തന്റെ മംഗളസൂത്രം ത്യജിച്ചവളാണ് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. തന്റെ പ്രചാരണ വേളയിലുടനീളം തന്റെ കുട്ടിക്കാലം, അച്ഛന്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന്റെ വേദന, അമ്മയുടെ ദുഃഖം എന്നിവയെല്ലാം ചര്‍ച്ച ചെയ്യുകയും എന്തുകൊണ്ടാണ് താനും രാഹുലും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നത് എന്ന് വോട്ടര്‍മാരുടെ മനസില്‍ ആഴത്തില്‍ പതിപ്പിക്കാനും അവര്‍ക്കായി.

എതിരാളികളുടെ ഓരോ പ്രചരണങ്ങള്‍ക്കും അതേരീതിയില്‍ മറുപടി പറയാന്‍ പ്രിയങ്കക്ക് സാധിക്കാറുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ 108 പൊതുയോഗങ്ങളിലും റോഡ് ഷോകളിലും പ്രിയങ്ക പങ്കെടുത്തു. 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും അവര്‍ പ്രചാരണം നടത്തി. അമേഠിയിലും റായ്ബറേലിയിലും തൊഴിലാളികളുടെ രണ്ട് സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു.

ഇതെല്ലാം കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനാകെയും തിരിച്ചുവരവിന്റെ പാത വെട്ടിത്തുറക്കുന്നതായിരുന്നു. അതിനാല്‍ തന്നെ പ്രിയങ്ക ഇനി വേണ്ടത് പാര്‍ലമെന്റിലാണ് എന്ന കോണ്‍ഗ്രസിന്റെ തീരുമാനം പാര്‍ട്ടിയെ ഒന്നുകൂടി ശക്തിപ്പെടുത്തുന്നതായിരിക്കും എന്നതില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+