പ്രതിപക്ഷം തകര്‍ന്നു... എന്‍സിപിയും ജെഡിയുവും ബിജെപിക്കൊപ്പം..? വന്‍ ട്വിസ്റ്റ്, അസാധാരണം!!
ഇതിനും മുന്‍പും നാഗാലാന്റില്‍ പ്രതിപക്ഷമില്ലാതിരുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു കാര്യം ഇതാദ്യമായാണ്

കൊഹിമ: നാഗാലാന്റ് നിയമസഭയില്‍ ഇത്തവണയും പ്രതിപക്ഷം ഉണ്ടാകില്ല. എന്‍ ഡി പി പി - ബി ജെ പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആണ് പാര്‍ട്ടികളെല്ലാം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. ദേശീയ തലത്തില്‍ ബി ജെ പി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിനായി മുറവിളി കൂട്ടുന്ന എന്‍ സി പിയും ജെ ഡി യുവും അടക്കമുള്ള പാര്‍ട്ടികളാണ് ബി ജെ പി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ദിവസമാണ് നെയ്ഫിയു റിയോ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ എന്‍ ഡി പി പി, ബി ജെ പി സഖ്യത്തിലായിരുന്നു. 60 അംഗ നിയമസഭയില്‍ എന്‍ ഡി പി പി 25 സീറ്റിലും ബിജെപി 12 സീറ്റിലും ജയിച്ചിരുന്നു. കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് ആണ് വേണ്ടത് എന്നിരിക്കെ സഖ്യത്തിന് ഭരണം പിടിക്കാന്‍ മറ്റ് തടസങ്ങളൊന്നുമുണ്ടായിരുന്നില്ല.

എന്‍സിപി നീക്കം അപ്രതീക്ഷിതം
എന്നാല്‍ അപ്രതീക്ഷിതമായാണ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ എന്‍ സി പി അടക്കം ബി ജെ പി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ ഡി പി പിയില്‍ നിന്ന് ഏഴ് മന്ത്രിമാരും ബി ജെ പിയില്‍ നിന്ന് അഞ്ച് മന്ത്രിമാരും അടങ്ങുന്ന മന്ത്രിസഭയുമായി നെയ്ഫിയു റിയോ ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇത് അഞ്ചാം തവണണയാണ് നെയ്ഫിയു റിയോ മുഖ്യമന്ത്രിയാകുന്നത്.

എന്‍സിപി പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി
എന്‍ സി പി ഏഴ് സീറ്റാണ് നാഗാലാന്റ് നിയമസഭയില്‍ ലഭിച്ചത്. 12 സീറ്റിലായിരുന്നു അവര്‍ മത്സരിച്ചത്. പരാജയപ്പെട്ട അഞ്ച് സീറ്റിലും നേരിയ മാര്‍ജിനിലാണ് വിജയം നഷ്ടമായത്. എന്‍ പി പിക്ക് അഞ്ച് സീറ്റില്‍ ജയിക്കാനായിരുന്നു. ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി-രാം വിലാസ്), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്), റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ-അഥവാലെ) എന്നിവര്‍ രണ്ടും ജെ ഡി യു ഒന്നും സ്വതന്ത്രര്‍ നാലും സീറ്റുകളാണ് നേടിയത്.

എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം
ഇത്രയധികം രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയത്തിന് നാഗാലാന്‍ഡ് സാക്ഷ്യം വഹിക്കുന്നതും ഇതാദ്യമാണ്. എല്‍ ജെ പി(ആര്‍വി), ആര്‍ പി ഐ(അതാവാലെ) എന്നിവ സംസ്ഥാന രാഷ്ട്രീയത്തിലെ പുതുമുഖങ്ങളാണ്. എന്നാല്‍ ഇവരെല്ലാം സര്‍ക്കാരിനെ പിന്തുണക്കുകയായിരുന്നു. എന്‍ സി പി എം എല്‍ എമാര്‍ സര്‍ക്കാരിനെ പിന്തുണക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് പാര്‍ട്ടിയുടെ നോര്‍ത്ത് ഈസ്റ്റ് ഇന്‍ ചാര്‍ജ് നരേന്ദ്ര വര്‍മ പറഞ്ഞു.

മഹാരാഷ്ട്രയിലെ ശത്രു
ഇക്കാര്യം അദ്ദേഹം എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിക്കുകയും ചെയ്തു. ശരദ് പവാര്‍ ഇത് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി നെയ്ഫിയു റിയോയുമായി എന്‍ സി പി എം എല്‍ എമാര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളത്. അതിനാല്‍ നാഗാലാന്റില്‍ പ്രാദേശിക പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ പിന്തുണക്കണം എന്നാണ് എം എല്‍ എമാര്‍ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബി ജെ പിയുടെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നാണ് എന്‍ സി പി.

ആദ്യത്തെ സംഭവം
എല്‍ ജെ പി (രാം വിലാസ്), ആര്‍ പി ഐ (അതാവാലെ), ജെ ഡി യു എന്നിവയും സര്‍ക്കാരിന് പിന്തുണ അറിയിച്ച് കത്ത് നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ, 2015 ലും 2021 ലും സംസ്ഥാന നിയമസഭ സമാനമായ സാഹചര്യത്തിന് സാക്ഷ്യം വഹിച്ചിരുന്നു, എന്നാല്‍ സഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷമില്ലാത്ത നിയമസഭയാകുന്ന സംഭവം ആദ്യമായാണ്.












Click it and Unblock the Notifications