ഒഡിഷയില്‍ മന്ത്രി, ജാര്‍ഖണ്ഡില്‍ ഗവര്‍ണര്‍; ആരാണ് ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു?
പാട്‌ന: ദ്രൗപതി മുര്‍മു ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നത് നിരവധി പേരുകള്‍ പരിഗണിച്ച ശേഷം. ഏകദേശം 20 ഓളം പേരുകളാണ് ബി ജെ പി രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ബി ജെ പി ഇന്ന് രാത്രി തന്നെ ദ്രൗപതി മുര്‍മുവിന്റെ പേര് അന്തിമമാക്കുകയായിരുന്നു.
64 കാരിയായ ദ്രൗപതി മുര്‍മു ഗോത്രവര്‍ഗ വനിതാ നേതാവാണ്. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തില്‍ 1958 ജൂണ്‍ 20 നാണ് ദ്രൗപതി മുര്‍മു ജനിച്ചത്. പിതാവിന്റെ പേര് ബിരാഞ്ചി നാരായണ്‍ ടുഡു എന്നാണ്. ഗോത്രവര്‍ഗ വിഭാഗമായ സന്താള്‍ കുടുംബത്തില്‍ പെട്ടവളാണ് ദ്രൗപതി മുര്‍മു.

ശ്യാം ചരണ്‍ മുര്‍മുവാണ് ദ്രൗപതി മുര്‍മുവിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ടായിരുന്നു. അദ്ധ്യാപികയായിരുന്ന ദ്രൗപതി മുര്‍മു ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജിലെ ബിരുദധാരിയാണ്. കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1997 ല്‍ ഒഡീഷയിലെ റൈരംഗ്പൂരില്‍ വൈസ് ചെയര്‍പേഴ്സണായി മാറുകയും ചെയ്തു.
ബി െജപിയുടെ എസ് ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ദ്രൗപതി മുര്‍മു, 2013 മുതല്‍ 2015 വരെ ബി ജെ പി എസ്ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു. മയൂര്‍ഭഞ്ജിലെ റായ്രംഗ്പൂരില്‍ നിന്ന് (2000, 2009) ബി ജെ പി ടിക്കറ്റില്‍ അവര്‍ രണ്ട് തവണ നിയമസഭയിലെത്തി.
തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പാര്‍ട്ടിക്കുള്ളില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഒഡീഷയിലെ ബി ജെ പിയുടേയും ബിജു ജനതാദളിന്റെയും കൂട്ടുകക്ഷി സര്‍ക്കാരിന്റെ കാലത്ത്, 2000 മാര്‍ച്ച് 6 മുതല്‍ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യ, ഗതാഗതത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു.
2002 ഓഗസ്റ്റ് 6 മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ്, മൃഗവിഭവ വികസനം മന്ത്രിയുമായി. 2015 മുതല്‍ 2021 വരെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വനിതയായിരുന്നു അവര്‍.
ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി
ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി 20 പേരുകള്‍ ചര്‍ച്ച ചെയ്തു എന്നും കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍, ആദിവാസി, സ്ത്രീ എന്നീ കാരണങ്ങളാള്‍ ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചുവെന്നും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ജൂലൈ 18 നും വോട്ടെണ്ണല്‍ ജൂലൈ 21 നും നടക്കും. ജൂണ്‍ 29 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications