'മാധ്യമങ്ങള്‍ക്ക് എന്‍റെ ടീ ഷര്‍ട്ടിലാണ് ശ്രദ്ധ....', വിമർശനവുമായി രാഹുല്‍ ഗാന്ധി
ബാഗ്പത്: ഭാരത് ജോഡോ യാത്രയില്‍ തന്‍റെ ടീ ഷര്‍ട്ട് മാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കൊപ്പം നടക്കുന്ന കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും കീറിയ വസ്ത്രങ്ങള്‍ കാണുന്നില്ലെന്നും അതിനെക്കുറിച്ച് ചോദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
''ഞാന്‍ ഭാരത് ജോഡോ യാത്രയില്‍ ടീ ഷര്‍ട്ടുകളാണ് ധരിക്കുന്നത്. പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും നിരവധി കുട്ടികൾ കീറിയ വസ്ത്രങ്ങൾ ധരിച്ചാണ് യാത്രയിൽ എന്നോടൊപ്പം നടക്കുന്നത്. എന്നാല്‍ ഈ കുട്ടികള്‍ ശൈത്യകാലത്ത് സ്വെറ്ററോ ജാക്കറ്റോ ഇല്ലാതെ നടക്കുന്നത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങൾ ചോദിക്കുന്നില്ല'' രാഹുല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രക്കിടെ ബാഗ്പത്-ഷാംലി അതിർത്തിയിലെ ബറാവുത്തിൽ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൽനട ജാഥ ഉത്തർപ്രദേശിലേക്ക് പ്രവേശിച്ചപ്പോൾ, 110 ദിവസം കൊണ്ട് 3,000 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ചിട്ടും തനിക്ക് ക്ഷീണമോ ടീ-ഷർട്ടിൽ തണുപ്പോ അനുഭവപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിക്കുന്ന വിദേശ നിർമിത വസ്ത്രമാണെന്ന അമിത്ഷാ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. തിരുപ്പൂരിൽ നിർമിച്ച ടീ ഷർട്ടാണത് എന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി പറഞ്ഞത്.

കാൽനടയാത്രയ്ക്കായി കോൺഗ്രസ് കമ്മിറ്റി 20000 ടി ഷർട്ടുകൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിൽ നാലെണ്ണം ഒഴികയെുള്ളവയിൽ നേതാക്കളുടെ ചിത്രം പതിപ്പിക്കുകയും ചെയ്തു. ചിത്രം പതിക്കാത്ത ടീ ഷർട്ടാണ് രാഹുൽ ധരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.. 41,000 രൂപയുടെ ടീ ഷർട്ടാണ് രാഹുൽ ധരിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ബിജെപി ഈ ആരോപണം ഉന്നയിച്ചത്.

തൊട്ടുപിന്നാലെയാണ് കോൺഗ്രസ് രാഹുലിന്റെ വസ്ത്രത്തെ കുറിച്ച് വിശദീകരണം നൽകിയത്. രാഹുലിന്റെ യാത്ര ഉയർത്തുന്ന ജനകീയ പ്രതികരണത്തിൽ വിറളി പൂണ്ടാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ബിജെപി ഉന്നയിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. വസ്ത്രത്തെ കുറിച്ച് സംസാരിക്കാനാണെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം എന്നും കോൺഗ്രസ് അന്ന് മറുപടി പറയുകയും ചെയ്തു...












Click it and Unblock the Notifications