യുഡിഎഫ് പ്രശനപരിഹാരത്തിന് ഹൈക്കമാന്‍ഡിനൊപ്പം ലീഗും: കുഞ്ഞാലിക്കുട്ടിക്ക് പ്രത്യേക പരിഗണന!
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സംസ്ഥാന നേതാക്കള്‍ ബുധനാഴ്ച ദില്ലിയിലെത്തും. രാഹുല്‍ഗാന്ധിയുമായി വ്യാഴാഴ്ച രാവിലെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തുന്നുണ്ട്. ഘടകകക്ഷി നേതാവുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുന്നത് പതിവില്ലാത്തതാണ്. എന്നാല്‍ കുഞ്ഞാലി കുട്ടിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നതില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പര്യമെടുത്തിരുന്നു.
യുഡിഎഫ് കണ്‍വീനര്‍ ആരാകണം എന്നതിനൊപ്പം, കെ എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചയുടെ ഭാഗമാണ്. കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ തിരിച്ചുകൊണ്ടുവരണമെന്ന പ്രത്യേക താല്പര്യം ലീഗിനുണ്ട്. യുഡിഎഫ് കണ്‍വീനര്‍ മാറുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് ആരാകണമെന്ന കാര്യത്തില്‍ പ്രധാന ഘടകകക്ഷിയായ ലീഗിനോട് ഹൈക്കമാന്‍ഡ് അഭിപ്രായം ആരായും. ലീഗിന് കെ മുരളിധരന്‍ സ്വീകാര്യനാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ പൊതു സമ്മതനല്ല, രാജ്യസഭ സീറ്റ് വിട്ടുകിട്ടണമെന്ന ആവശ്യം ശക്തമായി ലീഗ് ഉന്നയിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

കുഞ്ഞാലിക്കുട്ടിയ്ക്ക് പുറമേ കെപിസിസി പ്രസിഡന്റ് എംഎം ഹസന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരും ബുധനാഴ്ച ഡല്‍ഹിയിലെത്തും. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും പുതിയ കെപിസിസി പ്രസിഡന്റാകാന്‍ ഏറെ സാധ്യതയുള്ള മുല്ലപ്പള്ളി രാമചന്ദ്രനും ഡല്‍ഹിയിലുണ്ട്. രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ കര്‍ഷകറാലിയില്‍ പെങ്കടുത്ത് വൈകിട്ട് തിരിച്ചെത്തുന്നതോടെ ഒൗപചാരിക ചര്‍ച്ചകള്‍ നടക്കും.












Click it and Unblock the Notifications