മോദി, രാഹുല്‍, കമല്‍നാഥ്...ചിത്രം പതിച്ച മാസ്‌കുകള്‍ക്ക് വന്‍ ഡിമാന്‍ഡ്; വിറ്റ് പോകുന്നത് 1000 ലധികം
ഭോപ്പാല്‍: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത വസ്തുവായിരിക്കുകയാണ് മാസ്‌ക്. കൊവിഡ് കാലത്ത് മാസ്‌ക് നിത്യജിവിതത്തിന്റെ ഭാഗമായതോടെ അതിലും വ്യത്യസ്തതകള്‍ തേടുകയാണ് ആളുകള്‍. വിവിധ തരത്തിലും നിറത്തിലുമുള്ള മാസ്‌കുകള്‍ നേരത്തെ തന്നെ വിപണിയില്‍ ലഭ്യമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ട്രെന്റ് ആയി കൊണ്ടിരിക്കുന്നത് മറ്റൊന്നാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കന്മാരുടേയും മന്ത്രിമാരുടേയും ചിത്രമുള്ള മാസ്‌ക് ആണ് ഇപ്പോള്‍ മധ്യപ്രദേശിലെ വിപണികളില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മാസ്‌കുകള്‍ വാങ്ങി ഉപയോഗിക്കുന്നതിനും ആളുകള്‍ ഏറെയാണ്.
നരേന്ദ്രമോദിയുടേത് കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേയും മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റേയുമെല്ലാം മാസ്‌കുകള്‍ കടകളില്‍ വില്‍പ്പനക്കായി വെച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള 1000 ലധികം മാസ്‌കുകള്‍ ദിനം പ്രതി വിറ്റുപോകുന്നുവെന്ന് കടയുടമകള്‍ പറയുന്നു. മോദിയുടേയും ശിവരാജ് സിംഗ് ചൗഹാന്റേയും മാസ്‌കിനൊപ്പം രാഹുല്‍ ഗാന്ധിയുടേയും കമല്‍നാഥിന്റേയും മാസ്‌കിനും ആവശ്യക്കാര്‍ ഏറെയാണെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.
കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയൊടുക്കുന്ന ശിക്ഷാ നടപടികള്‍ക്ക് വരെ സ്വീകരിക്കും. ഉത്തരാഖണ്ഡില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 5000 രൂപ പഴിയും ആറ് മാസം വരെ തടവുമാണ് ശിക്ഷ. ദില്ലിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ വരേയും ഛത്തീസ്ഗഢില്‍ 100 രൂപ, ഉത്തര്‍പ്രദേശില്‍ 500 രൂപ എന്നിങ്ങനെയാണ് ശിക്ഷ.
മാസ്‌ക് ധരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഒഡിഷയിലെ പെട്രോള്‍ പമ്പുകളില്‍ മാസ്‌ക് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലായെന്ന് തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications