16 ശതമാനം മുസ്ലിം പെണ്‍കുട്ടികള്‍ ടിസി വാങ്ങി; ഹിജാബ് ധരിക്കാതെ പഠിക്കേണ്ടെന്ന് വിദ്യാര്‍ഥിനികള്‍
ബെംഗളൂരു: മാഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിലെ 16 ശതമാനം മുസ്ലിം പെണ്‍കുട്ടികള്‍ ടിസി വാങ്ങിപ്പോയെന്ന് റിപ്പോര്‍ട്ട്. രണ്ടു മുതല്‍ അഞ്ച് വരെയുള്ള സെമസ്റ്ററിന് പഠിക്കുന്നവരാണ് ടിസി വാങ്ങിയത്. 2020-21, 2021-22 അധ്യയന വര്‍ഷം പ്രവേശനം ലഭിച്ച 900 മുസ്ലിം പെണ്‍കുട്ടികളില്‍ 145 പേരാണ് ടിസി വാങ്ങിയതെന്ന് ഡെക്കാള്‍ ഹെറാള്‍ഡിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലയിലെ വിദ്യാര്‍ഥിനികളാണിവര്‍. സര്‍വകലാശാലയ്ക്ക് കീഴിലെ ഈ രണ്ട് ജില്ലകളിലെ കോളജുകളില്‍ നിന്ന് മാത്രമാണ് ഇത്രയും വിദ്യാര്‍ഥികള്‍ ടിസി വാങ്ങിയത്.

ഹിജാബ് അനുവദിക്കുന്ന കോളജുകളില്‍ ചിലര്‍ പഠനം തുടരുന്നുണ്ട്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഫീസ് നല്‍കാന്‍ സാധിക്കാത്തവര്‍ പഠനം നിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ നിന്നാണ് മുസ്ലിം പെണ്‍കുട്ടികള്‍ പഠനം മതിയാക്കിയത്. അതേസമയം, കുടക് ജില്ലയിലെ 112 മുസ്ലിം പെണ്‍കുട്ടികള്‍ അവരുടെ കോളജുകളില്‍ തന്നെ പഠനം തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാഗ്ലൂര്‍ യൂണിവേഴ്‌സിറ്റിക്ക് കുടക് ജില്ലയില്‍ 10 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളാണുള്ളത്.
എയ്ഡഡ് കോളജുകളേക്കാള്‍ സര്‍ക്കാര്‍ കോളജുകളില്‍ നിന്നാണ് മുസ്ലിം പെണ്‍കുട്ടികള്‍ പഠനം മതിയാക്കിയത്. എയ്ഡഡ് കോളജുകളില്‍ എട്ട് ശതമാനവും സര്‍ക്കാര്‍ കോളജുകളില്‍ 34 ശതമാനവുമാണ് ടിസി വാങ്ങിയവരുടെ നിരക്ക്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ 39 സര്‍ക്കാര്‍ കോളജുകളും 36 എയ്ഡഡ് കോളജുകളുമാണമുള്ളത്. ഉഡുപ്പി ജില്ലയിലാണ് കൂടുതല്‍ പേര്‍ പഠനം മതിയാക്കിയത്.
മറ്റു കോളജുകളില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹിബ ശൈഖ് എന്ന വിദ്യാര്‍ഥിനി. കാര്‍സ്ട്രീറ്റിലെ കോളജില്‍ ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഹിബ. മംഗളൂരുവിലെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ടിസി വാങ്ങിയ ഗൗസിയ സ്വകാര്യ കോളജില്‍ പ്രവേശനം നേടിയിട്ടുണ്ട്. പഠിച്ച അതേ വിഷയത്തില്‍ മറ്റു കോളജുകളില്‍ പ്രവേശനം ലഭിക്കാന്‍ സഹായിക്കണമെന്ന് വിസിയോട് വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഹായിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതിയെ സമീപിക്കാന്‍ താന്‍ നിര്‍ദേശിച്ചെന്നും വിസി പ്രൊഫ. യദ്പഡിതായ പറഞ്ഞു. മതത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസമെന്നും താന്‍ കുട്ടികളോട് പറഞ്ഞുവെന്ന് അദ്ദേഹം കൂടിച്ചേര്‍ത്തു.
അതേസമയം, ഹിജാബ് കാരണം ടിസി വാങ്ങിയ വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍ പഠനത്തിന് മുസ്ലിം സംഘടനകള്‍ സൗകര്യമൊരുക്കുന്നുണ്ടെന്ന് ടിആര്‍എഫ് ചെയര്‍മാന്‍ റിയാസ് അഹമ്മദ് പറഞ്ഞു. തലമറച്ച് മുസ്ലിം വിദ്യാര്‍ഥിനികള്‍ എത്തുന്നതിനെതിരെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ ഹിജാബ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഇതാണ് വിവാദമായത്. ഉത്തരവിനെതിരെ വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജികള്‍ തള്ളി. വിദ്യാര്‍ഥിനികള്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല.












Click it and Unblock the Notifications