എല്ലാവരും ചട്ടം പാലിക്കുന്നു; ഒരു സമുദായം മാത്രം ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നു- കോടതി
ന്യൂഡല്‍ഹി: ഹിജാബ് ധരിക്കാനുള്ള അവകാശം അനുവദിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നു. വാദം യുക്തിരഹിതമായ കാര്യങ്ങളിലേക്ക് എത്തിക്കരുതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകനോട് സുപ്രീംകോടതി ജസ്റ്റിസ് ഹേമന്ത് ഗുപ്ത വാദത്തിനിടെ പറഞ്ഞു. വസ്ത്രം ധരിക്കുന്നത് മൗലിക അവകാശമായി കാണുന്നുവെങ്കില്‍ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും അങ്ങനെ കാണണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ ആരും വസ്ത്രം അണിയാതിരിക്കില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ദേവ് ദത്ത് കാമത്ത് മറുപടി നല്‍കി.

കോടതിക്കും ഹര്‍ജിക്കാരുടെ അഭിഭാഷകനുമിടയില്‍ ഏറെ നേരം സംസാരം നീണ്ടു. പല ഘട്ടങ്ങളിലും തര്‍ക്കത്തിന്റെ രൂപത്തിലുമായി. ഒരു പ്രത്യേക സമുദായം ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതാണ് ഇവിടെ പ്രശ്‌നമെന്ന് ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാട്ടി. മറ്റു സമുദായങ്ങള്‍ വസ്ത്ര നിബന്ധന പാലിക്കുന്നു. മറ്റു സമുദായത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആരും തങ്ങള്‍ക്ക് പ്രത്യേക വസ്ത്രം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
നിരവധി വിദ്യാര്‍ഥികള്‍ രുദ്രാക്ഷവും കുരിശും മത ചിഹ്നങ്ങളായി ധരിച്ചുവരുന്നുണ്ടെന്ന് അഭിഭാഷകന്‍ കാമത്ത് പറഞ്ഞു. എന്നാല്‍ അതെല്ലാം വസ്ത്രത്തിന് അകത്തല്ലേ എന്ന് കോടതി തിരിച്ചു ചോദിച്ചു. വസ്ത്രം മാറ്റി ആരും രുദ്രാക്ഷം കാണിക്കില്ലെന്നും കോടതി പറഞ്ഞു. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യനും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്ന് കാമത്ത് വാദിച്ചു.
കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകളില്‍ തലമറയ്ക്കുന്നത് നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള ചില വിദ്യാര്‍ഥികളും മുസ്ലിം സംഘടനകളുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുദാംശു ധുലിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
നിങ്ങള്‍ക്ക് ഏത് മതം അനുസരിച്ച് ജീവിക്കാനും അവകാശമുണ്ട്. എന്നാല്‍ യൂണിഫോം നിബന്ധനയുള്ള സ്‌കൂളില്‍ മതപരമായ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടോ. ഇതാണ് ചോദ്യമെന്ന് കഴിഞ്ഞ ദിവസം കോടതി വാദം കേള്‍ക്കവെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനത്തില്‍ മതപരമായ വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ. കാരണം ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് നമ്മുടെ രാജ്യം മതനിരപേക്ഷ രാജ്യമാണെന്നാണെന്നും കോടതി വാദത്തിനിടെ നിരീക്ഷിച്ചു. ഹര്‍ജികളില്‍ വാദം വരും ദിവസങ്ങളിലും തുടരും.












Click it and Unblock the Notifications