ഹിജാബ് നിരോധനം: വിധി വന്ന പിന്നാലെ പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥിനികള്‍
ബെംഗളൂരു: ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതിയുടെ വിധി വന്ന പിന്നാലെ പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥിനികള്‍. വിധി വന്നതിനെ തുടര്‍ന്ന് ഹിജാബ് മാറ്റാന്‍ അധ്യാപകര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഹിജാബ് മാറ്റില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥിനികള്‍ പരീക്ഷ പൂര്‍ത്തിയാക്കാതെ മടങ്ങിയത്. 35 വിദ്യാര്‍ഥിനികള്‍ ഇറങ്ങിപ്പോയി. സുരപുര താലൂക്ക് കെംബവി സര്‍ക്കാര്‍ കോളജിലാണ് സംഭവം.
പരീക്ഷയ്ക്ക് വേണ്ടി വിദ്യാര്‍ഥിനികള്‍ എത്തിയിരുന്നു. രാവിലെ 10 മുതല്‍ 1 മണി വരെയാണ് പരീക്ഷ. 10.30ന് ശേഷമാണ് ഹൈക്കോടതി വിധി വന്നത്. തൊട്ടുപിന്നാലെ കോളജ് പ്രിന്‍സിപ്പല്‍ ശകുന്തള വിദ്യാര്‍ഥിനികളോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഹിജാബ് മാറ്റാന്‍ അവര്‍ തയ്യാറായില്ല. ഇറങ്ങിപ്പോകുകയും ചെയ്തു. 35 വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

വിധി സംബന്ധിച്ച് രക്ഷിതാക്കളോട് ചര്‍ച്ച ചെയ്ത ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ക്ലാസില്‍ ഹിജാബ് ധരിക്കാതെ വരുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഹിജാബിട്ടാണ് പരീക്ഷ എഴുതാനെത്തിയത്. വിധി വന്ന പിന്നാലെ ഹിജാബ് അഴിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥി പ്രതികരിച്ചു.
ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയതും ഹിജാബ് നിരോധനം ശരിവച്ചതും. ഹിജാബ് ഇസ്ലാമിക ആചാരങ്ങളില്‍ അഭിവാജ്യ ഘടകമല്ല എന്നാണ് കോടതി വിധിയില്‍ പറയുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി വിധി. ജസ്റ്റിസ് കൃഷ്ണ എസ് ദീഷിത്, ജസ്‌റ്ിസ് ജെഎം ഖാസി എന്നിവരും ഡിവിഷന്‍ ബെഞ്ചില്‍ അംഗങ്ങളായിരുന്നു.
അതേസമയം, നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. വിധി നിരാശാജനകമാണെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. വിധി ഭരണഘടനാ ലംഘനമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. കോടതി വിധിയോട് യോജിക്കാനാകില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതികരിച്ചു. ഹൈക്കോടതി വിധിയോട് യോജിക്കാനാകില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി പ്രതികരിച്ചു.
അതേസമയം, ഹിജാബ് നിരോധനത്തെ സ്വാഗതം ചെയ്താണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും വിധിയെ സ്വാഗതം ചെയ്തു. ബിജെപി എംപി തേജസ്വി സൂര്യയും രംഗത്തുവന്നത്. എല്ലാ വിദ്യാര്‍ഥികളും ചട്ടം പാലിച്ച് കലാലയങ്ങളില്‍ എത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പ്രതികരിച്ചു.












Click it and Unblock the Notifications