സിഖ് തലപ്പാവ് പോലെയല്ല ഹിജാബ് എന്ന് സുപ്രീംകോടതി; അടുത്ത വാദം തിങ്കളാഴ്ച രണ്ട് മണിക്ക്
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നു. സിഖുകാരുടെ തലപ്പാവ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടിയപ്പോള്‍ സുപ്രീംകോടതി എതിര്‍ത്തു. സിഖുകാര്‍ ധരിക്കുന്ന ടര്‍ബനുമായി ഹിജാബ് താരതമ്യം ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. ഹര്‍ജികളില്‍ അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വാദം തുടരും.
ആ താരതമ്യം ശരിയല്ല. സിഖ് മതത്തിന്റെ അഞ്ച് നിര്‍ബന്ധ കാര്യങ്ങളിലൊന്നാണ് തലപ്പാവ് ധരിക്കല്‍. ഇക്കാര്യം സുപ്രീംകോടതി അംഗീകരിച്ചതാണെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചൂണ്ടിക്കാട്ടി. സിഖ് മതസ്ഥരുടെ വിശ്വാസ പ്രകാരം നിര്‍ബന്ധമായ കാര്യമാണ് തലപ്പാവ്. ടര്‍ബനും കൃപാണും സിഖുകാരുടെ ഒഴിച്ചുകൂടാനാകാത്തതാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചതാണ്. അതുകൊണ്ടുതന്നെ ഹിജാബുമായി താരതമ്യം ചെയ്യരുതെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.

അതേസമയം, സിഖുകാര്‍ക്ക് ടര്‍ബന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് മുസ്ലിം സ്ത്രീകള്‍ക്ക് ഹിജാബ് എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകരില്‍ ഒരാളായ അഡ്വ. നിസാം പാഷ ബോധിപ്പിച്ചു. ഈ വേളയിലും ജസ്റ്റിസ് ഗുപ്ത അഭിഭാഷകനെ തടഞ്ഞു. സിഖിസവുമായി താരതമ്യം ചെയ്യാതിരിക്കൂ. അത് പൂര്‍ണമായും ഇന്ത്യന്‍ സംസ്‌കാരത്തോട് ചേര്‍ന്നതാണെന്നും കോടതി പറഞ്ഞു. ഇസ്ലാം 1400 വര്‍ഷമായി ഇവിടെയുണ്ടെന്നും ഹിജാബും ഇസ്ലാമിനൊപ്പമുണ്ടെന്നും അഡ്വ. നിസാം പാഷ പ്രതികരിച്ചു.
ഹിജാബ് ധരിക്കുന്നത് മറ്റു വിദ്യാര്‍ഥികളുടെ മൗലികാവകാശത്തെ ഹനിക്കുന്നില്ലെന്നും അവരെ ബാധിക്കില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് പറഞ്ഞു. ഞാന്‍ ഹിജാബ് ധരിക്കുന്നത് എന്റെ മാത്രം കാര്യമാണ്. മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്നതല്ല, ധരിക്കുന്നത് മൗലികാവകാശ പരിധിയില്‍ വരുമോ എന്നതാണ് വിഷയമെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.
വാദങ്ങള്‍ യുക്തിരഹിതമായ കാര്യങ്ങളിലേക്ക് എത്തിക്കരുതെന്ന് അഭിഭാഷകനോട് ജസ്റ്റിസ് ഹേമന്ത് ഗുപ്ത കഴിഞ്ഞ ദിവസം വാദത്തിനിടെ പറഞ്ഞിരുന്നു. വസ്ത്രം ധരിക്കുന്നത് മൗലിക അവകാശമായി കാണുന്നുവെങ്കില്‍ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും അങ്ങനെ കാണണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ ആരും വസ്ത്രം അണിയാതിരിക്കില്ലെന്ന് അഡ്വ. ദേവ് ദത്ത് കാമത്ത് പ്രതികരിച്ചു.
ഒരു പ്രത്യേക സമുദായം ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതാണ് ഇവിടെ പ്രശ്‌നമെന്ന് ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാട്ടി. മറ്റു സമുദായത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആരും തങ്ങള്‍ക്ക് പ്രത്യേക വസ്ത്രം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.നിരവധി വിദ്യാര്‍ഥികള്‍ രുദ്രാക്ഷവും കുരിശും മത ചിഹ്നങ്ങളായി ധരിച്ചുവരുന്നുണ്ടെന്ന് അഭിഭാഷകന്‍ കാമത്ത് പറഞ്ഞു. എന്നാല്‍ അതെല്ലാം വസ്ത്രത്തിന് അകത്തല്ലേ എന്ന് കോടതി തിരിച്ചു ചോദിച്ചു.












Click it and Unblock the Notifications