ഹിജാബ് വിവാദം; മുസ്ലീം വിദ്യാർത്ഥികൾ കടുത്ത വിവേചനം നേരിടുന്നതായി റിപ്പോർട്ട്
ബെംഗളൂരു: ഹിജാബ് വിവാദം നടന്ന് ഒരു വർഷത്തിന് ശേഷവും മുസ്ലീം വിദ്യാർത്ഥിനികൾ കടുത്ത വിവേചനം നേരിടുന്നതായി റിപ്പോർട്ട്. അധിക്ഷേപങ്ങളും പീഡനങ്ങളും താങ്ങാനാവാതെ കോളേജുകൾ മാറാൻ നിർബന്ധിതരായെന്നാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് - കർണാടക (പിയുസിഎൽ-കെ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.'വിദ്യാഭ്യാസത്തിലേക്കുള്ള അടഞ്ഞ കവാടങ്ങൾ; സ്ത്രീകളുടെ അവകാശ ലംഘനങ്ങൾ' എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളിലെ മുസ്ലീം വിദ്യാർത്ഥിനികളും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയാണ് റിപ്പോർട്ട് തയ്യാറാാക്കിയിരിക്കുന്നത്.
റായ്ച്ചൂർ, ഉഡുപ്പി, ഹാസൻ, ശിവമോഗ, ദക്ഷിണ കന്നഡ എന്നിവടങ്ങളിലെ വിദ്യാർത്ഥിനികളുമായും അധ്യാപകരുമായുമാണ് പിയുസിഎൽകെ-സംഘം കൂടിക്കാഴ്ച നടത്തിയത്. അഭിമുഖത്തിലാണ് തങ്ങൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പെൺകുട്ടികൾ വെളിപ്പെടുത്തിയത്.

'പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾ, മതന്യൂനപക്ഷങ്ങൾ, ആദിവാസികൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ അവർ നേരുടുന്ന വിവേചനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. അത് അവരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി എങ്ങനെ ബാധിക്കുന്നുവെന്ന് അവർ തുറന്ന് പറഞ്ഞു. അത് അവരുടെ ആത്മവിശ്വാസത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അവർ വെളിപ്പെടുത്തി. വിഭജിക്കപ്പെട്ട, വിവേചനം തുടരുന്ന ഒരു വിദ്യാലയം വിഭജിക്കപ്പെട്ട ഒരു സമൂഹത്തിലേക്കാണ് നയിക്കുന്നത്', റിപ്പോർട്ടിൽ പറയുന്നു.
ഹിജാബ് ധരിക്കാൻ അനുവദിക്കുന്ന മറ്റൊരു കോളേജിലേക്ക് ഞാൻ മാറിയിരിക്കുകയാണ്. മുൻപ് പഠിച്ചിരുന്ന സർക്കാർ കോളേദിൽ വിദ്യാഭ്യാസം സൗജന്യമായിരുന്നു. ഇപ്പോൾ വളരെ ദൂരെയുള്ള യാത്ര ചെലവ് കൂടുതൽ വേണ്ടി വരുന്ന മറ്റൊരു കോളേജിലാണ് ഞാൻ പോകുന്നത്. എനിക്ക് എം എസ് സി പഠിക്കണമെന്നായിരുന്നു ആഗ്രഹം . എന്നാൽ ഇനി അത് നടക്കില്ല. എന്റെ സ്വപ്നം തകർക്കപ്പെട്ടത് പോലെയാണ് എനിക്ക് തോന്നുന്നത്', അഭിമുഖത്തിൽ ഒരു പെൺകുട്ടി വ്യക്തമാക്കി.
കാമ്പസുകളിലെ പോലീസിന്റെ സാന്നിധ്യം, വിദ്യാർത്ഥികളുമായുള്ള അനാവശ്യ ഏറ്റുമുട്ടൽ, സോഷ്യൽ മീഡിയയിലൂടെയുള്ള ഭീഷണി ഇതെല്ലാമാണ് പെൺകുട്ടികളെ അസ്വസ്ഥരാക്കുന്നത്. ഞങ്ങളെ കൊല്ലുമെന്ന് വരെ അവർ പറയുകയാണ്, കാരണമില്ലാതെ വന്ന് ആക്രമിക്കുകയാണ്, ഗത്യന്തരമില്ലാതെ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല', വിദ്യാർത്ഥിനിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
അന്തർദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ സംഭവമായിരുന്നു കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ ആരംഭിച്ച ഹിജാബ് വിവാദം. ഉഡുപ്പിയിലെ ഒരു സർക്കാർ പ്രീ - യൂണിവേഴ്‌സിറ്റി കോളേജിലെ ആറ് വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചതിന്റെ പേരിൽ തങ്ങൾക്ക് ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിച്ചതായി ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. വിഷയം സംസ്ഥാനത്ത് ഉടനീളം വലിയ പ്രതിഷേധത്തിനായിരുന്നു കാരണമായത്.ഒടുവിൽ വിഷയം കോടതിയിലെത്തി. എന്നാൽ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിൽ അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്നായിരുന്നു ഹൈക്കോടതി വിധി.












Click it and Unblock the Notifications