ഹിജാബ് വിവാദം: ജഡ്ജിക്കെതിരെ കന്നഡ നടൻ ചേതൻ കുമാറിന്റെ റീട്വീറ്റ്; അറസ്റ്റ് ചെയ്ത് പൊലീസ്
ബെംഗളുരു: കന്നഡ നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാർ അഹിംസ അറസ്റ്റ് ചെയ്ത് പൊലീസ്. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്തതിനാണ് അറസ്റ്റ്.
ഹിജാബ് വിലക്കിനെതിരായ ഹർജികൾ കേൾക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന് എതിരെയാണ് ട്വീറ്റ്. ബെംഗളൂരു സിറ്റി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഐപിസി 505(2), 504 എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ട്വീറ്റിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം എൻ അനുചേതാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെക്കുറിച്ചുള്ള തന്റെ പഴയ ട്വീറ്റുകളിലൊന്ന് ചേതൻ കുമാർ റീട്വീറ്റ് ചെയ്തിരുന്നു. 2020 ജൂൺ 27 ന് ചേതൻ കുമാർ പോസ്റ്റ് ചെയ്ത ട്വീറ്റായിരുന്നു അത്. എന്നാൽ, ഫെബ്രുവരി 16 ന് ചേതൻ കുമാർ തന്റെ പഴയ ട്വീറ്റ് വീണ്ടും റീട്വീറ്റ് ചെയ്തിരുന്നു. നടന്റെ പഴയ ട്വീറ്റ് ഇങ്ങനെയായിരുന്നു - "കർണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ബലാത്സംഗ കേസിലെ പ്രതി രാകേഷ് ബിക്കിന് മുൻകൂർ ജാമ്യം അനുവദിച്ചു. ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യൻ സ്ത്രീയ്ക്ക് യോജിച്ച പ്രവൃത്തിയല്ലെന്ന ഹൈക്കോടതി ജസ്റ്റിസിന്റെ പരാമർശം' - ഇതിരെയായിരുന്നു ട്വീറ്റ്.

അതേസമയം, ചേതൻ കുമാർ റീട്വീറ്റ് ചെയ്ത് പ്രതികരിച്ചത് ഇങ്ങനെ ;- " ഫെബ്രുവരി 16 - നുളള പഴയ ട്വീറ്റ് തിരുത്തി. ഇത് കർണാടക ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പ് ഞാൻ എഴുതിയ ട്വീറ്റാണ്. ഒരു ബലാത്സംഗ കേസിൽ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ അഭിപ്രായമായിരുന്നു ഇത്. ബലാംത്സംഗക്കേസിൽ മോശം പരാമർശം നടത്തിയ ജഡ്ജിയാണ്. എന്നാൽ, ഇപ്പോൾ സർക്കാർ സ്‌കൂളുകളിൽ ഹിജാബുകൾ ധരിക്കണോ എന്നത് അതേ ജഡ്ജിയാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ? ചേതൻ കുമാർ ട്വീറ്റിലൂടെ ചോദിച്ചു.

അതേസമയം, ചേതൻ കുമാർ അറസ്റ്റിലായതിന് ശേഷം ചേതന്റെ ഭാര്യ മേഘ ഫെബ്രുവരി 22 ന് വൈകുന്നേരം ഒരു ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. അറസ്റ്റിനെക്കുറിച്ചോ അതിന്റെ കാരണത്തെക്കുറിച്ചോ ആരും കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് പറഞ്ഞു. ചേതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.എന്നാൽ, ഹിജാബ് വിവാദത്തെക്കുറിച്ച് താരം തന്റെ അഭിപ്രായം പതിവായി ട്വീറ്റ് ചെയ്യാറുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് എല്ലാ മതചിഹ്നങ്ങളെ അനുകൂലിച്ച് താരം പ്രതികരിച്ചിരുന്നു. പല ഹിന്ദു ഗ്രന്ഥങ്ങളിലും ശങ്കരാചാര്യരും നിർവചിച്ചിട്ടുള്ള ഒരു ഹിന്ദു മത ചിഹ്നമാണ് കുങ്കുമം. ഇത് സ്‌കൂളുകൾ നിരോധിക്കണമെന്ന് താരം ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുശ്ചേദത്തിന്റെ പരിധിയില്‍ വരില്ലെന്ന് കർണാടക സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജികൾ പരിഗണിക്കവെയാണ് കർണാടക സർക്കാറിന്റെ അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.

സ്ഥാപനങ്ങളുടെ അച്ചടക്കത്തിന് വിധേയമായി ന്യായമായ നിയന്ത്രണങ്ങളോടെ ഇന്ത്യയിൽ ഹിജാബ് ധരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഹിജാബ് ധരിക്കാനുള്ള അവകാശം ആർട്ടിക്കിൾ 19(1)(എ) യുടെ കീഴിലാണ് വരുന്നത്, ആർട്ടിക്കിൾ 25 അല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത ഹർജികൾ പരിഗണിക്കുകയായിരുന്നു കർണാടക ഹൈക്കോടതി.

ഹിജാബുമായി ബന്ധപ്പെട്ട കേസുകൾ ഈ ആഴ്ച തന്നെ തീർപ്പാക്കാൻ ആഗ്രഹിക്കുന്നതായി ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി എല്ലാ കക്ഷികളുടെയും സഹകരണം തേടണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.












Click it and Unblock the Notifications