
ഹിജാബിട്ട് പരീക്ഷ എഴുതി വിദ്യാര്‍ഥികള്‍; 7 അധ്യാപകര്‍ക്ക് സസ്പെന്ഷന്... ഉഡുപ്പിയില്‍ ബഹിഷ്കരണം
ബെംഗളൂരു: ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം വിദ്യാര്‍ഥിനികള്‍ കൂട്ടത്തോടെ പരീക്ഷ ബഹിഷ്കരിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ 40 കുട്ടികളാണ് പരീക്ഷ എഴുതാതിരുന്നത്. തല മറയ്ക്കാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷ എഴുതേണ്ടെന്ന് വിദ്യാര്‍ഥികളും തീരുമാനിക്കുകയായിരുന്നു. ഹിജാബ് വിവാദത്തിന് തുടക്കമിട്ട സ്ഥലമാണ് ഉഡുപ്പി. ഇവിടെയുള്ള മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഹിജാബ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി ഹര്‍ജി എന്ന് പരിഗണിക്കുമെന്ന് വ്യക്തമല്ല.
കുന്താപൂരിലെ 24 വിദ്യാര്‍ഥിനികള്‍, ബിന്ദൂരിലെ 14 കുട്ടികള്‍ ഉള്‍പ്പെടെയാണ് ചൊവ്വാഴ്ച പരീക്ഷയ്ക്ക് എത്താതിരുന്നത്. പ്രാക്ടിക്കള്‍ പരീക്ഷയും ഇവര്‍ ബഹിഷ്കരിച്ചിരുന്നു. ആര്‍എന്‍ ഷെട്ടി പ്രി യൂണിവേഴ്സിറ്റി കോളജിലെ 28 മുസ്ലിം വിദ്യാര്‍ഥിനികളില്‍ 13 പേര് പരീക്ഷയ്ക്ക് ഹാജരായി. ചിലര്‍ ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയെങ്കിലും അവര്‍ക്ക് അധ്യാപകര്‍ അനുമതി നല്‍കിയില്ല. ഉഡുപ്പിയിലെ ഭന്തര്കര് കോളജിലെ അഞ്ചില്‍ നാല് മുസ്ലിം വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്ക് എത്തി. അതേസമയം, ഉഡുപ്പി ജില്ലയിലെ പല സ്വകാര്യ കോളജുകളും ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിച്ചു.
അതേസമയം, ഹിജാബ് ധരിച്ച് വിദ്യാര്‍ഥിനികള്‍ പരീക്ഷ എഴുതിയതിനെ തുടര്‍ന്ന് അധ്യാപകരെ സസ്പെന്റ് ചെയ്തു. ഗദക് ജില്ലയിലാണ് പത്താം ക്ലാസിലെ കുട്ടികള്‍ ഹിജാബിട്ട് പരീക്ഷ എഴുതിയത്. സിഎസ് പാട്ടീല്‍ ബോയ്സ് ഹൈസ്കൂളിലും ഗേള്‍സ് ഹൈസ്കൂളിലുമാണ് സംഭവം. രണ്ട് സ്കൂളിലെയും സൂപ്രണ്ടുമാരെ സസ്പെന്റ് ചെയ്തു. 7 അധ്യാപകര്‍ക്കാണ് മൊത്തം സസ്പെന്ഷന് കിട്ടിയത്.
ഹിജാബ് ധരിച്ച് പരീക്ഷയ്ക്ക് എത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്ന് കര്‍ണാടക മന്ത്രിമാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പല സ്കൂളിലും ഹിജാബ് ധരിച്ച് വിദ്യാര്‍ഥിനികള്‍ എത്തിയെങ്കിലും അവരെ അധ്യാപകര്‍ തടഞ്ഞു. ചിലയിടത്ത് വാക്കേറ്റമുണ്ടായി. ഹിജാബ് അഴിപ്പിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്. വിദ്യാര്‍ഥികള്‍ കോടതി ഉത്തരവ് ലംഘിക്കരുത് എന്ന് മന്ത്രിമാര്‍ പറയുന്നു. ഹിജാബ് ധരിച്ച് പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് സ്വാഭാവികമായും നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പ്രതികരിച്ചു.
കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡും കേസില്‍ കക്ഷി ചേര്‍ന്നു. ഹിജാബ് വിഷയത്തില്‍ സമസ്തയും കോടതിയിലെത്തി. യൂണിഫോമിന് അനുസൃതമായ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നും തല മറയ്ക്കല്‍ മുസ്ലിം സ്ത്രീകള്‍ക്ക് വിശ്വാസത്തിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.