എല്ലാവരോടും കാവി ധരിക്കാന്‍ എനിക്ക് പറയാനാകുമോ? ശരീഅത്തല്ല ഭരണഘടനയാണ് വലുതെന്ന് ഒവൈസിയോട് യോഗി
ലഖ്‌നൗ: ഹിജാബ് ധരിച്ച സ്ത്രീ ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്ന ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം)വ പ്രസിഡന്റും ലോക്സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശത്തിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ വ്യവസ്ഥിതി പ്രവര്‍ത്തിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയിലാണെന്നും ശരീഅത്തിനോ ഇസ്ലാമിക നിയമത്തിലോ അല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നമ്മുടെ മുസ്ലിം പെണ്‍മക്കളെ മോചിപ്പിക്കാന്‍ അവര്‍ക്ക് അവകാശങ്ങളും അര്‍ഹമായ ബഹുമാനവും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്തലാഖ് നിയമം റദ്ദാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ശരീഅത്തിനല്ല, ഇന്ത്യന്‍ ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുകയെന്ന് ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ വ്യക്തിപരമായ മതവിശ്വാസങ്ങളും തിരഞ്ഞെടുപ്പുകളും രാജ്യത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. യു പിയിലെ എല്ലാ ജീവനക്കാരോടും കാവി ധരിക്കാന്‍ എനിക്ക് പറയാമോ? സ്‌കൂളുകളില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കണമമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ഭരണഘടന അനുസരിച്ച് രാജ്യം പ്രവര്‍ത്തിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ ബഹുമാനവും സുരക്ഷയും സ്വാതന്ത്ര്യവും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നായിരുന്നു ഒവൈസി പറഞ്ഞത്. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. അത് കാണാന്‍ ഞാന്‍ ജീവിച്ചിരിപ്പില്ലായിരിക്കാം, പക്ഷേ എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ഒരു ദിവസം ഹിജാബ് ധരിച്ച പെണ്‍കുട്ടി പ്രധാനമന്ത്രിയാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളജിലേക്ക് പോകും. അവര്‍ കളക്ടര്‍മാരും മജിസ്ട്രേറ്റുമാരും ഡോക്ടര്‍മാരും വ്യവസായികളുമെല്ലാമായി മാറും. ഹിജാബ് ധരിക്കണമെന്ന് നമ്മുടെ പെണ്‍കുട്ടികള്‍ തീരുമാനിച്ചാല്‍, രക്ഷിതാക്കളോട് ആവശ്യപ്പെട്ടാല്‍, രക്ഷിതാക്കള്‍ പിന്തുണയ്ക്കും.

ആര്‍ക്കാണ് തടയാന്‍ കഴിയുക എന്ന് നമുക്ക് നോക്കാമെന്നും ഒവൈസി തന്റെ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. അതേസമയം കര്‍ണാടകയിലെ ഹിജാബ് വിവാദം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്. കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു, ഹൈക്കോടതി ആദ്യം കേസ് കേള്‍ക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു കൂട്ടം മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഉഡുപ്പിയിലെ കോളേജില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദം ആരംഭിക്കുന്നത്. കൂടുതല്‍ കോളേജുകളും സ്‌കൂളുകളും സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചതോടെ സ്ഥിതി വഷളായി.

ഇതിനിടെ മുസ്ലീം പെണ്‍കുട്ടികളെ എതിര്‍ക്കുന്നവര്‍ കാവി സ്‌കാര്‍ഫ് ധരിച്ച് കോളേജിലെത്തിയതോടെ സംഘര്‍ഷത്തിനും വഴിയൊരുങ്ങി. സംഭവം അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയും സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയും ഹിജാബ് നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നുമാണ് പോള്‍ പോഗ്ബ പറഞ്ഞത്. മുസ്ലീം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നായിരുന്നു മലാല പറഞ്ഞത്.

സംഭവത്തില്‍ അമേരിക്കയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പുറത്തുനിന്നുള്ള അഭിപ്രായങ്ങള്‍ വിഷയത്തില്‍ സ്വീകരിക്കില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നതില്‍ കര്‍ണാടക ഹൈക്കോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയൊരു വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ആദ്യം സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജി പിന്നീട് വിശാല ബെഞ്ചിന് കൈമാറുകയായിരുന്നു.












Click it and Unblock the Notifications