'ദൈവം അനുവദിച്ച സൗന്ദര്യം ആളുകൾ കാണട്ടെ... മുസ്ലിം സ്ത്രീകൾ പറഞ്ഞിട്ടുണ്ട്'.; വിധിയിൽ പ്രതികരിച്ച് ഗവർണർ
തിരുവനന്തപുരം: ഹിജാബ് ഹർജികൾ തള്ളിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നാണ് ഗവർണർ പ്രതികരിച്ചത്.
മുസ്ലിം പെൺകുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ കഴിയുന്ന അവസരമാണ് ഇത്. രാജ്യത്തിന്റെ പുരോഗതിയിൽ മറ്റു കുട്ടികളെപ്പോലെ മുസ്‌ലിം പെൺകുട്ടികൾക്കും സംഭാവന നൽകാൻ സാധിക്കും എന്നും ഗവർണർ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനിവാര്യമല്ലെന്ന ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെയാണ് കേരള ഗവർണർ പ്രതികരിച്ച് രംഗത്തെത്തിയത്. അതേസമയം ഇതിന് മുൻപും ഗവർണർ ഇതേ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

ഹിജാബ് വിഷയത്തിൽ വിദ്യാർഥികളുടെ ആവശ്യം നിഷേധിച്ചിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മുസ്ലിം ചരിത്രത്തിലെ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു. ദൈവം അനുവദിച്ച സൗന്ദര്യം ആളുകൾ കാണട്ടെ എന്ന് മുസ്ലിം ചരിത്രത്തിൽ സ്ത്രീകൾ പറഞ്ഞിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രതികരിച്ച ആരിഫ് മുഹമ്മദ് വാക്കുകൾ ഇങ്ങനെ ; - 'പ്രവാചകന്റെ വീട്ടിൽ വളർന്നിരുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു പ്രവാചകന്റെ ഭാര്യയുടെ സഹോദര പുത്രിയായിരുന്നു ആ പെൺകുട്ടി. വളരെ മനോഹരമായിരുന്നു പെൺകുട്ടി.

ഈ പെൺകുട്ടിയുടെ ഭർത്താവ് തട്ടം ധരിക്കാത്തതിനെക്കുറിച്ച് പെൺകുട്ടിയോട് ചോദിച്ചിരുന്നു. അവൾ മറുപടി പറഞ്ഞത് ദൈവം എനിക്ക് സൗന്ദര്യം തന്നിട്ടുണ്ട്. എന്റെ സൗന്ദര്യം ആളുകൾ കാണട്ടെ.... ഇതാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ തലമുറയിൽപ്പെട്ട സ്ത്രീകൾ സ്ത്രീകൾ വ്യക്തമാക്കിയിരുന്നത്'. - ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം, ഹിജാബ് വിവാദത്തിലെ ഹർജികൾ ഇന്ന് കർണാടക ഹൈക്കോടതിയുടെ വിശാല ബഞ്ച് തള്ളുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമല്ലെന്നും ഇസ്ലാം മതത്തിൽ ഇത് അവിഭാജ്യ ഘടകം അല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുളള വിശാല ബെഞ്ച് ആണ് ഇന്ന് ഹർജികൾ പരിഗണിച്ച് വിധി പറഞ്ഞത്. ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത്, ജസ്റ്റിസ് ജെ.എം.ഖാസി എന്നിവർ ബെഞ്ചിലെ മറ്റു ജഡ്ജിമാരാണ്. എന്നാൽ, യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാൻ സാധിക്കില്ലെന്നും കോടതി ഇന്ന് വ്യക്തമാക്കി. വിഷയത്തിൽ 11 ദിവസമാണ് ഹൈക്കോടതി വാദം കേട്ടിരുന്നത്.

ഹിജാബ് മൗലിക അവകാശങ്ങളുടെ ഭാഗമാണെന്ന് കാണിച്ച് ഒരു വിഭാഗം വിദ്യാർത്ഥികളാണ് കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. വിദ്യാർഥികളുടെ വിവിധ സംഘടനകളും വിഷയത്തിൽ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ല എന്നാണ് കർണാടക സർക്കാർ വ്യക്തമാക്കുന്നത്. ഹിജാബ് മതാചാര ത്തിന്റെ ഭാഗമല്ല.

ഇത് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ല. ഭരണഘടനയുടെ 25 അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ഉൾപ്പെടുന്നത് അല്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 5 - ന് കർണാടക സർക്കാർ വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്നതായിരുന്നു ഉത്തരവ്. അതേസമയം, ഡിസംബർ 28 - ന് ഹിജാബ് ധരിച്ച പ്രീ യൂണിവേഴ്സിറ്റി സർക്കാർ കോളേജിൽ എത്തിയ പെൺകുട്ടികൾക്ക് കോളോജിൽ പ്രവേശനം നിഷേധിച്ചിരുന്നു.

ഉഡുപ്പിയിലെ പി യു കോളേജിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് വിവാദം വ്യാപിച്ചു തുടങ്ങി. കോളേജുകൾ സംസ്ഥാന വ്യാപകമായി ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന ആവിശ്യവുമായി പ്രതിഷേധം നടത്തി. തുടർന്ന് സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ എതിർക്കാൻ ഹിന്ദു ഗ്രൂപ്പുകൾ രംഗത്ത് വന്നിരുന്നു. ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ കാവി ഷാൾ ധരിക്കാൻ അനുവദിക്കമെന്ന് ഹിന്ദു ഗ്രൂപ്പുകൾ വ്യക്തമാക്കി. ശിവമോഗയിൽ അടക്കം ഒറ്റപ്പെട്ട നിരവധി പ്രതിഷേധങ്ങളും സംഘർഷങ്ങളും ഇതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ടു. രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ശക്തിപ്പെടുകയായിരുന്നു.












Click it and Unblock the Notifications