ഹിജാബില്‍ തൊട്ടാല്‍ കൈവെട്ടും, പെണ്‍കുട്ടികളുടെ മാനം വെച്ച് കളിക്കാന്‍ ശ്രമിക്കരുത്; സമാജ് വാദി നേതാവ്
ലഖ്‌നൗ: കര്‍ണാടക ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് റുബിന ഖാനം. പെണ്‍കുട്ടികളുടെ ഹിജാബില്‍ തൊട്ടാല്‍ ആ കൈ അറുത്തുകളയുമെന്ന് റുബിന ഖാനം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ വനിതാ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഹിജാബിന്റെ പേരില്‍ ഇന്ത്യയിലെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും മാനം വെച്ച് കളിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ ജാന്‍സി റാണിയെയും റസിയ സുല്‍ത്താനയെയും പോലെയാകാനും തൊടുന്നവരുടെ കൈ വെട്ടാനും അധികം താമസിക്കില്ല' എന്നാണ് റുബീന ഖാനം പറഞ്ഞത്.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണെന്നും ഒരു വ്യക്തിയുടെ നെറ്റിയില്‍ തിലകമുണ്ടോ എന്നോ തലപ്പാവോ ഹിജാബ് ധരിക്കുന്നോ എന്നത് പ്രശ്‌നമല്ലെന്നും റുബീന ഖാനം പറഞ്ഞു. ഘുന്‍ഘട്ടും ഹിജാബും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിച്ച് വിവാദം സൃഷ്ടിക്കുന്നത് ഭയാനകമാണെന്നും അവര്‍ വ്യക്തമാക്കി. ഏത് പാര്‍ട്ടിക്കും സര്‍ക്കാര്‍ ഉണ്ടാക്കാം. എന്നാല്‍ സ്ത്രീകളെ ദുര്‍ബലരായി കണക്കാക്കരുത്. ആ ഒരു ആരും തെറ്റ് ചെയ്യരുതെന്നും റുബീന ഖാനം പറഞ്ഞു.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു കൂട്ടം മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഉഡുപ്പിയിലെ കോളേജില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ണാടക ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കൂടുതല്‍ കോളേജുകളും സ്‌കൂളുകളും സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചതോടെ പ്രശ്‌നം സംസ്ഥാനത്തുടനീളം വ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പുകളും രാഷ്ട്രീയ സംഘടനകളും പ്രതിഷേധിക്കാന്‍ തുടങ്ങി. മുസ്ലീം പെണ്‍കുട്ടികളെ എതിര്‍ക്കുന്നവര്‍ കാവി സ്‌കാര്‍ഫ് ധരിച്ച് കോളേജിലെത്തിയതോടെ സംഘര്‍ഷത്തിനും വഴിയൊരുങ്ങി.

സംഭവം അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയാകുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയും സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയും ഹിജാബ് നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മുസ്ലീം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും ഹിജാബ് നിരോധനം പേടിപ്പെടുത്തുന്നതാണെന്നുമാണ് മലാല പറഞ്ഞിരുന്നത്. ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നുമാണ് പോള്‍ പോഗ്ബ പറഞ്ഞത്. ഇന്ത്യയില്‍ ഇസ്ലാമോഫോബിയ അതിന്റെ ഏറ്റവും മാരകമായ രൂപം പ്രാപിക്കുകയാണെന്നാണ് നോം ചോംസ്‌കി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

അതേസമയം ഹിജാബ് വിലക്കിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ആദ്യം സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജി നിലവില്‍ വിശാല ബെഞ്ചാണ് പരിഗണിക്കുന്നത്. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നതില്‍ കര്‍ണാടക ഹൈക്കോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയൊരു വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
Recommended Video

വിഷയത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. വിദേശരാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ പ്രതികരിക്കേണ്ടെന്നാണ് ഇന്ത്യ എടുത്ത നിലപാട്. ആഭ്യന്തര വിഷയങ്ങളില്‍ പ്രചോദനാത്മകമായ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യില്ലെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യയെ നന്നായി അറിയുന്നവര്‍ക്ക് യാഥാര്‍ത്ഥ്യങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണരീതി സംബന്ധിച്ച വിഷയം, കര്‍ണാടക ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിശോധനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications