സ്ത്രീകളുടെ വസ്ത്രമാണ് ബലാത്സംഗത്തിന് കാരണം, 'ബിക്കിനി' മോശം വാക്ക്; പ്രിയങ്കയോട് ബിജെപി എംഎല്‍എ
ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദം തുടരുന്നതിനിടെ പുതിയ വിവാദവുമായി കര്‍ണാടക ബിജെപി എം എല്‍ എ രേണുകാചാര്യ. സ്ത്രീകളുടെ വസ്ത്രങ്ങള്‍ കാരണം ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ബിക്കിനി ട്വീറ്റിനെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബിക്കിനിയായാലും ജീന്‍സായാലും ഹിജാബായാലും, താന്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണ് എന്നായിരുന്നു ഹിജാബ് വിവാദത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് രേണുകാചാര്യയുടെ പ്രതികരണം.
'ബിക്കിനി' പോലെയുള്ള വാക്ക് ഉപയോഗിക്കുന്നത് തരംതാഴ്ന്ന പ്രസ്താവനയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ മുഴുവന്‍ വസ്ത്രം ധരിക്കണം. സ്ത്രീകളുടെ വസ്ത്രധാരണം കാരണം പുരുഷന്മാര്‍ പ്രകോപിതരാകുമ്പോള്‍ ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് ശരിയല്ല. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്ക് ആദരവുണ്ട, അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ''ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ദ്രോഹിക്കുത്തുന്നത് നിര്‍ത്തുക എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നത്.

അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളോട് ഹിജാബ് ധരിക്കാന്‍ പറയുന്ന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക ഊര്‍ജ മന്ത്രി സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജ് മാനേജ്മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലീം പെണ്‍കുട്ടികളെ ക്ലാസില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദം ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദനീയമാണെങ്കില്‍ തങ്ങളുടെ മതപരമായ വസ്ത്രങ്ങളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി സ്‌കാര്‍ഫും കാവി പതാകയും ധരിച്ചെത്തിയതോടെ വിഷയം ഇപ്പോള്‍ വന്‍ വിവാദമായി മാറിയിരിക്കുകയാണ്.

ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുകയാണ്. സംഘര്‍ഷങ്ങള്‍ക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതി വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും കഴിഞ്ഞ ദിവസത്തെ വാദം അവസാനിപ്പിച്ച വേളയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വികാരങ്ങള്‍ക്കനുസൃതമായിട്ടല്ല, ഭരണഘടന അനുസരിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് വാദത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. യൂണിഫോം തീരുമാനിക്കാന്‍ കോളേജ് വികസന സമിതികള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അത് പാലിക്കുമെന്നും സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്തിന്റെ നിലപാട് അത്ര നിരുപദ്രവകരമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് പറഞ്ഞു. അതുകൊണ്ടാണ് അവര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും കാമത്ത് ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിപിക്കുകയാണ്. അതേസമയം കര്‍ണാടകയില്‍ തുടങ്ങിയ ഹിജാബിനെതിരായ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. അച്ചടക്കവും ഏക ഡ്രസ് കോഡും നിര്‍ബന്ധമാണെന്ന് മധ്യപ്രദേശ് മന്ത്രി പറഞ്ഞു. ഹിജാബ് സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിജാബ് വിവാദം അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി സമാധാന നൊബേല്‍ ജേതാവും ആക്ടിവിസ്റ്റുമായ മലാല യൂസുഫ് സായ് രംഗത്തെത്തി. ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല ട്വീറ്റില്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല യൂസുഫ് സായ് ആവശ്യപ്പെട്ടു.
"ಬಿಕಿನಿ" ಎಂದು ಹೇಳಿರುವುದು ಅತ್ಯಂತ ಕೀಳುಮಟ್ಟದ ಶಬ್ದ.
— M P Renukacharya (@MPRBJP) February 9, 2022
ವಿದ್ಯಾರ್ಥಿನಿಯರು ಸಮವಸ್ತ್ರ / ಮೈತುಂಬ ಬಟ್ಟೆ ಹಾಕಿಕೊಂಡರೆ ಶೋಭೆ.
ಕೇಂದ್ರ ಹಾಗು ರಾಜ್ಯದಲ್ಲಿ ಕಾಂಗ್ರೆಸ್ ಸರ್ಕಾರವಿಲ್ಲದೆ ಹತಾಶರಾಗಿ ಪ್ರಿಯಾಂಕ ಗಾಂಧಿ ಈ ಹೇಳಿಕೆ ನೀಡಿ ಮುಗ್ದ ಹೆಣು ಮಕ್ಕಳನ್ನು ಪ್ರಚೋದಿಸುತ್ತಿದ್ದಾರೆ. pic.twitter.com/wKLIv7PoxA












Click it and Unblock the Notifications