ആ റെക്കോര്‍ഡ് നേഗിയ്ക്ക് സ്വന്തം: ആദ്യത്തെ ഇന്ത്യന്‍ വോട്ടര്‍ പോളിംഗ് ബൂത്തിലേയ്ക്ക്
ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. 101 കാരനായ ഷായം ശരണ്‍ നേഗിയാണ് ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്പ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറാണ് 16 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 14 സ്റ്റേറ്റ് അസംബ്ലി തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുള്ള നേഗി. ഇതുവരെ 31 തവണയാണ് തന്റെ സമ്മതിദായകാവകാശം വിനിയോഗിച്ചിട്ടുള്ളത്.
1951 ഒക്ടോബര്‍ 25ന് രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പിലാണ് നേഗി ആദ്യമായി വോട്ട് ചെയ്തത്. 1952ലാണ് അവശേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ലഭിക്കുന്നത്. ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച നേഗിയ്ക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനായി ഒരു കാറും പോളിംഗ് ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ഓഫീസറായ അരവിന്ദ് ശര്‍മയാണ് നേഗിയെ വീട്ടിലെത്തി സ്വീകരിച്ച് പോളിംഗ് ബൂത്തിലെത്തിക്കുകയെന്നും ഹിമാചല്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കല്പ പോളിംഗ് സ്റ്റേഷനില്‍ നേരത്തെ പോളിംഗ് ഓഫീസറായി ജോലി ചെയ്തിട്ടുമുണ്ട് അധ്യാപകനായിരുന്ന നേഗി.
ഹിമാചല്‍ പ്രദേശില്‍ 68 അംഗ നിയമ സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാവിലെ എട്ടു മണി മുതല്‍ വോട്ടിങ് ആരംഭിച്ചിരുന്നു. 50 ലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് കണക്ക്. ഡിസംബര്‍ 18ന് മാത്രമാണ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടാകുക. ഏഴ് തവണ മുഖ്യമന്ത്രി പദം കയ്യടക്കിയ നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിനും കോണ്‍ഗ്രസിനും നിര്‍ണായകമാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. രാജ്യത്ത് അടക്കിവാഴാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ബിജെപിയും അധികാരത്തിലെത്താനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടത്തിവരുന്നത്.