ഹിമാചലില്‍ കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്; നിയമസഭാകക്ഷി യോഗം തുടങ്ങി, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അല്ലെന്ന് സുഖു
ഷിംല: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി യോഗം തുടങ്ങി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമില്ല എന്നാണ് എ ഐ സി സി നിരീക്ഷന്‍ രാജീവ് ശുക്ല അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയെ ഏകകണ്‌ഠേന തെരഞ്ഞെടുക്കും എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ഹിമാചല്‍ പ്രദേശ് പാര്‍ട്ടി അധ്യക്ഷ പ്രതിഭ സിംഗ്, മുന്‍ പാര്‍ട്ടി മേധാവി സുഖ്വീന്ദര്‍ സിംഗ് സുഖു, പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്‌നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാര്‍ത്ഥികള്‍. അതേസമയം താന്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്നില്ല എന്നാണ് സുഖ്വീന്ദര്‍ സിംഗ് സുഖു പറയുന്നത്. ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അച്ചടക്കമുള്ള സൈനികനും പ്രവര്‍ത്തകനും എം എല്‍ എയുമാണ്.

പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കും എന്നാണ് നിയമസഭാ കക്ഷിയോഗത്തിന് തൊട്ടുമുന്‍പ് സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. അതേസമയം 21 എം എല്‍ എമാരുടെ പിന്തുണ സുഖ്വീന്ദര്‍ സിംഗ് സുഖുവിന് ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. 15 എം എല്‍ എമാരാണ് പ്രതിഭി സിംഗിനെ പിന്തുണക്കുന്നത്. അതേസമയം പ്രതിഭ സിംഗ് ഹൈക്കമാന്റിന്റെ ആദ്യപരിഗണനയില്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് നിയുക്ത എം എല്‍ എമാരില്‍ നിന്നായിരിക്കും എന്നാണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുകേഷ് അഗ്‌നിഹോത്രി, രാജേന്ദ്ര റാണ എന്നിവരാണ് സുഖ് വീന്ദര്‍ സിംഗിനെ കൂടാതെ പരിഗണനയില്‍ ഉള്ളത്. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ്ങിന് മന്ത്രിസഭയില്‍ ഒരു സുപ്രധാന വകുപ്പ് പോര്‍ട്ട്‌ഫോളിയോ നല്‍കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
അതേസമയം ഷിംലയിലെ നിയമസഭാകക്ഷിയോഗത്തില്‍ 39 കോണ്‍ഗ്രസ് എം എല്‍ എമാര്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭാ സിംഗിന്റെ അനുയായികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരീക്ഷകനായി എത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞിരുന്നു.
ഷിംലയിലെ ഒബ്റോയി സെസിലിന് മുന്നില്‍ വെച്ച് ഭാഗലിന്റെ കാര്‍ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഭാ സിംഗിന് വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു. നിലവില്‍ എം പിയായ പ്രതിഭാ സിംഗ് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് മുന്നില്‍ നിന്ന് നയിച്ചുവെങ്കിലും അവര്‍ മത്സരിച്ചിരുന്നില്ല.












Click it and Unblock the Notifications