ഹിമാചല്‍ കോണ്‍ഗ്രസിലും മൊട്ടയടി: മന്ത്രി പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നേതാക്കള്‍
ഷിംല: പ്രതീക്ഷിച്ചത് പോലെ കോണ്‍ഗ്രസിന് തലവേദനയായി ഹിമാചല്‍ പ്രദേശിലെ മന്ത്രിസഭാ വിപുലീകരണം. തർക്കങ്ങള്‍ കാരണം ഏറെ വൈകിയാണ് സുഖ്‌വീന്ദർ സിംഗ് സുഖു സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം കോണ്‍ഗ്രസ് പൂർത്തിയാക്കിയതെങ്കിലും പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി നിരവധി പ്രമുഖ നേതാക്കളാണ് മുന്നോട്ട് വന്നിരിക്കുന്നത്.
കാബിനറ്റ് മന്ത്രിമാരുടെ പട്ടികയിൽ നിന്ന് എ ഐ സി സി സെക്രട്ടറിമാരുടെ പേരുകൾ ഒഴിവാക്കിയതിൽ കാൻഗ്ര എം എൽ എ സുധീർ ശർമയും ഘുർമാവിൻ എം എൽ എ രാജേഷ് ധർമാനിയും ഉൾപ്പെടെയുള്ളവരാണ് അമർഷം രേഖപ്പെടുത്തിയതിലെ പ്രമുഖർ.

പ്രതിഷേധത്തിന്റെ ഭാഗമായി ഘുമർവിൻ നിന്നുള്ള കോൺഗ്രസ് നേതാവ് സുഭാഷ് ശർമ്മ തലമൊട്ടയിടിക്കുകയും ചെയ്തു. "രാജേഷ് ധർമ്മാനിയോട് രണ്ടാനമ്മ നയം കാണിച്ചതില്‍ പ്രതിഷേധിച്ച് ഞാൻ എന്റെ തല മൊട്ടയടിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ മറ്റുള്ളവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സുഖുജി ഇനി എന്ത് ചെയ്യുമെന്ന് നമുക്ക് നോക്കാം" - സുഭാഷ് ശർമ്മ വ്യക്തമാക്കി. മന്ത്രിസഭാ വിപുലീകരണത്തിലെ കല്ലുകടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഖ്‌വീന്ദർ സിംഗ് സുകു പാർട്ടി ഹൈക്കമാൻഡ് അംഗീകാരത്തിനായി അയച്ച പട്ടികയിൽ ശർമ്മയുടെയും ധർമ്മാനിയുടെയും പേരുകൾ ഉണ്ടായിരുന്നുവെങ്കിലും പാർട്ടി നേതൃത്വം ഇരുവരുടേയും പേരുകള്‍ തഴയുകയായിരുന്നു. ഇരുവരെയും ശനിയാഴ്ച പാർട്ടി വിളിച്ചിരുന്നുവെന്നും ഇഷ്ടപ്പെട്ട വകുപ്പുകളുടെ പേരുകൾ നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ക്ഷണം ലഭിച്ചതിനെ തുടർന്ന് ഇരുവരും ഷിംലയിലേക്ക് പോയെങ്കിലും പാർട്ടി ഹൈക്കമാൻഡ് അവരുടെ പേരുകൾ അംഗീകരിച്ചിട്ടില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് തിരികെ പോവുകയായിരുന്നു. നേരത്തെ വീർഭദ്ര സിങ്ങിന്റെ വിശ്വസ്തനായിരുന്ന സുധീർ ശർമ്മയ്ക്ക് ചീഫ് പാർലമെന്ററി സെക്രട്ടറി സ്ഥാനം പോലും നിഷേധിക്കപ്പെട്ടു. 2012ൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചപ്പോൾ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി ലഭിച്ചിരുന്നു.
Hair Care: ചപ്പാത്തിയുണ്ടാക്കാന്‍ മാത്രമല്ല ഗോതമ്പ് പൊടി, മുടി വളരാനും താരനകറ്റാനും അത്യുത്തമം

നേരത്തെ സുധീർ ശർമ്മയുടെ മത്സരിക്കുന്നതിനെ എതിർത്തിരുന്ന ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോൾ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കുന്നതിനെയും എതിർക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നത്. എതിർപ്പുയർന്നെങ്കിലും സോണിയ ഗാന്ധി ഇടപെട്ടായിരുന്നു മത്സരിക്കാന്‍ അനുമതി നല്‍കിയത്. കാൻഗ്ര ലോക്‌സഭാ തെരഞ്ഞെടുപ്പിലും ധർമശാല ഉപതെരഞ്ഞെടുപ്പിലും മത്സരിക്കാൻ വിസമ്മതിച്ചതിനാണ് സുധീർ പാർട്ടി ഹൈക്കമാൻഡിന്റെ എതിർപ്പിനിടയാക്കിയതെന്നാണ് സൂചന.

നിയമസഭയിലേക്കുള്ള പോരാട്ടത്തില്‍ സുധീറിന് ടിക്കറ്റ് ലഭിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തെങ്കിലും മന്ത്രി പദവി നല്‍കാന്‍ പാർട്ടി തയ്യാറായില്ല. പാർലമെന്ററി സെക്രട്ടറി സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടില്ല. രാജേഷ് ധർമ്മാനി സുഖ്‌വീന്ദർ സിംഗ് സുഖുമായി അടുപ്പമുള്ളയാളാണെന്ന് കരുതപ്പെടുന്നെങ്കിലും, അദ്ദേഹത്തിനും ക്യാബിനറ്റ് റാങ്ക് ലഭിച്ചില്ല.

രാജേന്ദ്ര റാണയെ കൂടാതെ കുൽദീപ് സിംഗ് റാത്തോഡ്, യാദവേന്ദ്ര ഗോമ, സഞ്ജയ് രത്തൻ, ഇന്ദർ ദത്ത് ലഖൻപാൽ തുടങ്ങിയ നേതാക്കളും അതൃപ്തിയിലാണ്. മന്ത്രിസഭാ വിപുലീകരണം നടത്തിയപ്പോള്‍ മൂന്ന് മന്ത്രി പദവികള്‍ ഒഴിച്ചിട്ടുണ്ട്. ഉന്നത തലത്തിലെ ചർച്ചകള്‍ക്ക് ശേഷം ഇവരില്‍ നിന്നും മൂന്ന് പേരെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തിയേക്കും.












Click it and Unblock the Notifications