കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പിന്‍വലിക്കും; വമ്പന്‍ വാഗ്ദാനവുമായി പ്രിയങ്ക
ഷിംല: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അഗ്നിപഥ് പദ്ധതി പിന്‍വലിക്കും എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംസ്ഥാനത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ആര്‍ എസ് ബാലിയെ പിന്തുണച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെ ആണ് അഗ്നിപഥിനെതിരായ നിലപാട് പ്രിയങ്ക ആവര്‍ത്തിച്ചത്.
അധികാരത്തില്‍ എത്തിയാല്‍ അഗ്നിവീറിന്റെ റിക്രൂട്ട്മെന്റ് നിര്‍ത്തും എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. അഗ്നിപഥ് പദ്ധതി ഹിമാചല്‍ പ്രദേശിന് കനത്ത തിരിച്ചടിയാണ് എന്ന് പ്രിയങ്ക പറഞ്ഞു. നിങ്ങളുടെ കുട്ടികള്‍ നാല് വര്‍ഷത്തിന് ശേഷം സൈന്യത്തില്‍ നിന്ന് വിരമിക്കും. സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശേഷം പ്യൂണും ഗാര്‍ഡുമാകാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നേരത്തെ ഹിമാചലില്‍ നിന്ന് 4,000 യുവാക്കളെ സൈന്യം റിക്രൂട്ട് ചെയ്തിരുന്നു. ഇപ്പോള്‍ നിശ്ചിത ക്വാട്ട സമ്പ്രദായത്തില്‍ 400-500 പേരെ മാത്രമേ നിയമിക്കൂ. അതില്‍ തന്നെ 75 ശതമാനം പേരും നാല് വര്‍ഷത്തിനുള്ളില്‍ വിരമിക്കുകയും ചെയ്യും. അവര്‍ക്ക് നിങ്ങള്‍ക്ക് റാങ്കുകളോ പെന്‍ഷനോ നല്‍കാന്‍ കഴിയില്ല.

രാജ്യത്തെ സംരക്ഷിക്കാന്‍ ഇറങ്ങുന്ന ധീര സൈനികരുടെ ജീവിത സുരക്ഷ ബി ജെ പി സര്‍ക്കാര്‍ കവര്‍ന്നെടുത്തെും പ്രിയങ്ക പറഞ്ഞു. ഹിമാചല്‍ പ്രദേശ് ഈ രാജ്യത്തിന് നിരവധി രക്തസാക്ഷികളെ നല്‍കിയിട്ടുണ്ട്. ഇന്നും ഈ നാടിന്റെ ധീരന്മാരായ മക്കള്‍ അതിര്‍ത്തിയില്‍ രാജ്യത്തെ സംരക്ഷിക്കുന്നു. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ അഗ്‌നിപഥ് നടപ്പാക്കി അവരുടെ ജീവിത സുരക്ഷ കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത് എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ളിടത്തെല്ലാം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയിട്ടുണ്ട് എന്നും പ്രിയങ്ക അവകാശപ്പെട്ടു. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് ട്രാക്ക് കാണിച്ചുവെന്നും മുന്‍ ഗതാഗത മന്ത്രി ജി എസ് ബാലിയും കര്‍ഷകരെ ശരിയായ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

ഈ രണ്ട് നേതാക്കളും ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് തനിക്ക് അറിയാം. കോണ്‍ഗ്രസ് ജയിക്കാനായി പ്രചാരണം നടത്തുകയാണ്. എന്നാല്‍ ബി ജെ പി വിമതരെ ആഘോഷിക്കുകയാണ് എന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ബി ജെ പി സര്‍ക്കാര്‍ ഹിമാചല്‍ പ്രദേശിനെ 70000 കോടി രൂപയുടെ കടത്തില്‍ മുക്കിയെന്നും ഈ ഭാരം സംസ്ഥാനത്തെ ഉലച്ചിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

വെള്ളിയാഴ്ച കംഗ്ര ജില്ലയിലെ നഗ്രോട്ട ബഗ്വാനില്‍ നടന്ന പരിവര്‍ത്തന്‍ പ്രതിജ്ഞാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി. നേരത്തെ, ജവാലാമുഖിയിലെ 52 ശക്തിപീഠങ്ങളിലൊന്നില്‍ പ്രിയങ്ക ദര്‍ശനം നടത്തിയിരുന്നു. ഹിമാചലില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധി നടത്തുന്ന രണ്ടാമത്തെ പൊതുയോഗമായിരുന്നു ഇത്. നവംബര്‍ ഏഴിന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ മണ്ഡലത്തിലും പ്രിയങ്ക പ്രചരണം നടത്തുന്നുണ്ട്.












Click it and Unblock the Notifications