യുവതിയെ വിവാഹം ചെയ്ത് സഹോദരന്മാര്‍; ബഹുഭര്‍തൃത്വം സ്വീകരിക്കാന്‍ കാരണം ഇതാണ്, വിചിത്രം
ഷിംല: ഹിമാചല്‍ പ്രദേശിലെ സഹോദരന്മാര്‍ വിവാഹം ചെയ്തത് ഒരു യുവതിയെ. സിര്‍മോര്‍ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. ഹിമാലയന്‍ മലയോര മേഖലയില്‍ താമസിക്കുന്ന ഹാട്ടി ഗോത്ര സമൂഹത്തിലാണ് ഈ വിവാഹം. വീഡിയോ പുറത്തുവന്നതോടെ നിമിഷ നേരം കൊണ്ട് വൈറലായി. പാരമ്പര്യമായി ബഹുഭര്‍തൃത്വം ആചരിച്ചുവന്നിരുന്നവരാണ് ഹാട്ടി ഗോത്രം.
പ്രദീപ്, കപില്‍ നേഗി എന്നിവരാണ് സുനിത ചൗഹാന്‍ എന്ന യുവതിയെ വിവാഹം ചെയ്തത്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനത്തിലെത്തിയത് എന്ന് മൂന്നുപേരും പറഞ്ഞു. നാടന്‍ പാട്ടുകളും നൃത്തങ്ങളുമായി മൂന്ന് ദിവസം നീളുന്ന ചടങ്ങായിരുന്നു വിവാഹം. ജൂലൈ 12നാണ് ചടങ്ങുകള്‍ തുടങ്ങിയത്. എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനത്തിലെത്തി എന്ന ചോദ്യത്തിന് മൂന്നുപേരും മറുപടി നല്‍കി.

കുന്‍ഹാട്ട് ഗ്രാമത്തിലാണ് സുനിത. മുന്‍ഗാമികള്‍ ചെയ്തിരുന്ന ബഹുഭര്‍തൃത്വത്തെ കുറിച്ച് യുവതിക്ക് അറിയാമായിരുന്നു. ആരും ഈ വിവാഹത്തിന് നിര്‍ബന്ധിച്ചില്ലെന്നും സ്വമേധയാ തയ്യാറായതാണെന്നും സുനിത പറയുന്നു. ഷില്ലായ് ഗ്രാമത്തിലുള്ള പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇളയ സഹോദരന്‍ കപില്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.
പൂര്‍വികര്‍ ചെയ്ത ആചാരത്തില്‍ അഭിമാനമുണ്ടെന്നും മൂന്നുപേരും ഒരുമിച്ചാണ് തീരുമാനം എടുത്തതെന്നും പ്രദീപ് പറഞ്ഞു. ഭാര്യയെ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ സ്‌നേഹിക്കുമെന്നും കുടുംബത്തിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്നും കപില്‍ പറയുന്നു. വളരെ കാലം മുമ്പ് ഹാട്ടി ഗോത്രത്തില്‍ ഈ സമ്പ്രദായമുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസം നേടിയ പുതു തലമുറ ഇത്തരം രീതികളെ എതിര്‍ത്തിരുന്നു.
നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ
ഏറെ കാലത്തിന് ശേഷമാണ് ഇങ്ങനെ ഒരു വിവാഹം നടക്കുന്നത് എന്ന് ഹാട്ടി ഗോത്രത്തിലെ മുതിര്‍ന്നവര്‍ പറയുന്നു. ഹിമാചല്‍ പ്രദേശ്-ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശത്താണ് ഹാട്ടി ഗോത്രത്തിലുള്ളവര്‍ താമസിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് പട്ടിക വര്‍ഗ വിഭാഗത്തില്‍ ഈ സമുദായത്തെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.
സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയതോടെ ഇത്തരം വിവാഹങ്ങള്‍ ഹിമാചല്‍ പ്രദേശില്‍ നടക്കാറുണ്ടായിരുന്നില്ല. സമുദായത്തിലെ മിക്കവരും സാമ്പത്തികമായി മെച്ചപ്പെടുക കൂടി ചെയ്തതോടെ ബഹുഭര്‍തൃത്വം പൂര്‍ണമായും ഇല്ലാതായി. ഏറെ കാലത്തിന് ശേഷമാണ് ഇത്തരം വിവാഹം നടക്കുന്നത് എന്ന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ ആദ്യ മുഖ്യമന്ത്രിയായ വൈഎസ് പാര്‍മര്‍ ബഹുഭര്‍തൃത്വ സമ്പ്രദായത്തെ കുറിച്ച് ഗവേഷണം നടത്തിയിരുന്നു. ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്ന് 'ഹിമാലയന്‍ ബഹുഭര്‍തൃത്വത്തിന്റെ സാമൂഹിക-സാമ്പത്തിക വശങ്ങള്‍' എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പിഎച്ച്ഡി. പാരമ്പര്യ ഭൂസ്വത്ത് നഷ്ടമാകാതിരിക്കാനാണ് ഈ സമ്പ്രദായം ഹാട്ട് ഗോത്രം തുടര്‍ന്നുപോന്നിരുന്നത് എന്നാണ് സാമൂഹിക പഠന വിദഗ്ധര്‍ പറയുന്നു.












Click it and Unblock the Notifications