ഹിമാചലില്‍ മത്സരം ബിജെപിയും എഎപിയും തമ്മില്‍, കളത്തിലേ ഇല്ലാതെ കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസ് അടിമുടി മാറ്റത്തിന്റെ പാതയിലാണ്. പക്ഷേ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ കളത്തിലേ ഇല്ലെന്നാണ് വ്യക്തമാകുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് എവിടെയെന്ന് എല്ലാവരും ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലോക്‌സഭാ സീറ്റ് അടക്കം കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു. പിന്നീട് കോണ്‍ഗ്രസിനേ കാണാനേ ഇല്ലാത്ത അവസ്ഥാണ്. നിലവില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് സംസ്ഥാനത്ത് മത്സരം നടക്കുന്നത്. റോഡ് ഷോകളുടെ മത്സരമാണ് സംസ്ഥാനത്തുള്ളത്.

പഞ്ചാബിലെ പോലെ ഹിമാചലിലും എഎപി വലിയ വെല്ലുവിളിയായി കോണ്‍ഗ്രസിന് മാറുമെന്ന് ഉറപ്പാണ്. ബിജെപി പക്ഷേ തികഞ്ഞ പ്രതീക്ഷയിലാണ്. അധികാരത്തില്‍ തിരിച്ചെത്താനാവുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ശക്തമായ മത്സരമാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. കോണ്‍ഗ്രസ് കളത്തിലേ ഇല്ലാത്തത് ഇരുവര്‍ക്കും വലിയൊരു അവസരമാക്കി മാറ്റിയിരിക്കുകയാണ്. ഏപ്രില്‍ 22ന് ബിജെപി തങ്ങളുടെ കരുത്ത് സംസ്ഥാനത്ത് കാണിച്ചിരിക്കുകയാണ്. ഇനി ഏപ്രില്‍ 23ന് എഎപിയുടെ റോഡ് ഷോയാണ്. കട്ടയ്ക്ക് പോരാട്ടമാണ് ബിജെപിയുമായി കെജ്രിവാളിന്റെ പാര്‍ട്ടി നടത്തുന്നത്. കോണ്‍ഗ്രസ് പക്ഷേ പ്ലാനൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ റോഡ് ഷോയാണ് ഹിമാചലില്‍ നടന്നത്. കാംഗ്ര മുതല്‍ നഗ്രോട്ട ഭവന്‍ വരെയായിരുന്നു ഈ റാലി. ജെപി നദ്ദയ്ക്ക് ഈ തിരഞ്ഞെടുപ്പ് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമാണിത്. ഇത് കൈവിട്ടാല്‍ ദേശീയ തലത്തില്‍ തന്നെ ബിജെപിക്കും നദയ്ക്കും നാണക്കേടാവും. നദ്ദ സീനിയര്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ശാന്തകുമാറിനെയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്. കാംഗ്രയിലെ ബ്രജേശ്വരി മാതാ ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കിടെ നദ്ദയുടെ രണ്ടാമത്തെ ഹിമാചല്‍ സന്ദര്‍ശനമാണിത്. സംസ്ഥാനം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കാനാണ് നദ്ദയുടെ ശ്രമം.
അതേസമയം നദ്ദയുടെ റാലിക്ക് എഎപിയും സംസ്ഥാനത്ത് റാലിക്ക് തയ്യാറെടുക്കുകയാണ്. എഎപി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായി കെജ്രിവാള്‍ നാളെ റോഡ് ഷോ നടത്തുന്നുണ്ട്. കാംഗ്ര ജില്ലയില്‍ ഷാപൂരില്‍ റോഡ്‌ഷോയും ഒപ്പം റാലിയും കെജ്രിവാളിന്റേതായിട്ടുണ്ട്. ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. കാംഗ്ര ജില്ല രാഷ്ട്രീയപരമായി വലിയ സ്വാധീനം ചെലുത്തുന്നതാണ്. ഏത് പാര്‍ട്ടിക്കും ഈ ജില്ല പിടിക്കാതെ ഭരിക്കാനാവില്ല. കാംഗ്രയില്‍ പതിനഞ്ച് സീറ്റുകളാണ് ഉള്ളത്. ഹിമാചലില്‍ ആകെ 68 സീറ്റാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ള ജില്ലയും കാംഗ്രയാണ്. ഭരണം പിടിക്കുന്നവരെ എപ്പോഴും സഹായിക്കുന്നത് ഈ ജില്ലയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് പതിനൊന്ന് സീറ്റ് ബിജെപിയാണ് നേടിയത്. അവര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സംസ്ഥാനത്ത് 44 സീറ്റാണ് ബിജെപി ആകെ നേടിയത്. കാംഗ്രയില്‍ നിന്ന് മൂന്ന് സീറ്റുകളാണ് കോണ്‍ഗ്രസിന് ആകെ കിട്ടിയത്. എഎപിയുടെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാന സമിതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കെജ്രിവാള്‍ ഹിമാചലില്‍ റാലിയുമായി എത്തുന്നത്. ബിജെപിയുടെ കണ്ണുതുറപ്പിക്കുന്ന റാലിയായിരിക്കും അരവിന്ദ് കെജ്രിവാളിന്റേതെന്ന് എഎപി നേതാവ് രാകേഷ് ചൗധരി പറഞ്ഞു.
സംസ്ഥാനത്ത് ഇതിനോടകം എഎപി ചില കോട്ടകളിലൊക്കെ മുന്നേറാന്‍ സാധ്യതയുണ്ട്. എഎപിയുടെ നീക്കങ്ങള്‍ എല്ലാവരെയും സ്വാധീനിക്കുന്നുണ്ട്. ബിജെപി 125 യൂണിറ്റ് സൗജന്യ വൈദ്യുതിയും സൗജന്യ വെള്ളവും, ഗ്രാമീണ മേഖലയില്‍ നല്‍കാന്‍ തീരുമാനിച്ചത് എഎപിയുടെ പ്രഖ്യാപനങ്ങള്‍ കൊണ്ടാണെന്ന് രാകേഷ് ചൗധരി പറഞ്ഞു. അതേസമയം കെജ്രിവാളിന്റെ റാലിയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ എഎപിയില്‍ ചേരുമെന്നാണ് സൂചന. എഎപിക്ക് സംസ്ഥാനത്ത് യാതൊരു രാഷ്ട്രീയ സ്വാധീനവും ഇല്ലെന്ന് ഹിമാചല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേഷ് കശ്യപ് പറഞ്ഞു.












Click it and Unblock the Notifications