ഹിൻഡൻബർഗ് റിപ്പോർട്ട്: സെബി ചെയർപേഴ്സൺ സ്ഥാനമൊഴിയണമെന്ന് സിപിഎം
സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് രാജിവക്കണമെന്ന് സിപിഎം. ഹിൻഡൻബർഗ് വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. ഗൗരവതരമാണ്. കൃത്യമായ അന്വേഷണം നടക്കുന്നതുവരെ മാധബി പുരി സെബിയുടെ ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് മാറി നിൽക്കേണ്ടത് ആവശ്യമാണ്. അദാനി ഗ്രൂപ്പിൻ്റെ ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ചുള്ള മുഴുവൻ സംഭവങ്ങളും ജെപിസി രൂപീകരിച്ച് അന്വേഷിക്കണമെന്നും സി പി എം പിബി ആവശ്യപ്പെട്ടു.
സിപിഎം പ്രസ്താവനയുടെ പൂർണരൂപം-''ഓഹരി വിപണിയിലെ പരമോന്നത നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപേഴ്സണ് അദാനി ഗ്രൂപ്പിന്റെ നിഴൽ കമ്പനികളിൽ പങ്കുണ്ടെന്ന ഹിൻഡൻബർഗ് വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബി മേധാവി മാധബി പുരി സ്ഥാനമൊഴിയണം.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിലെ കൃത്രിമം മുൻപ് വെളിപ്പെടുത്തിയ അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ഇപ്പോൾ സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സ്ഇബിഐ) ചെയർപേഴ്സൺ മാധബി പുരിക്കും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ നിഴൽ കമ്പനികളിൽ പങ്കുണ്ടെന്ന പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബർമുഡയിലെയും മൗറീഷ്യസിലെയും നിഗൂഢമായ നിഴൽകമ്പനികളിൽ മാധബി പുരിയ്ക്കും ഭർത്താവ് ധാവൽ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന വെളിപ്പെടുത്തൽ ഗൗരവതരമാണ്. കൃത്യമായ അന്വേഷണം നടക്കുന്നതുവരെ മാധബി പുരി സെബിയുടെ ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് മാറി നിൽക്കണം. അദാനി ഗ്രൂപ്പിൻ്റെ ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ചുള്ള മുഴുവൻ സംഭവങ്ങളും സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കണമെന്ന് ഈ ഘട്ടത്തിൽ ആവർത്തിച്ച് ആവശ്യപ്പെടുന്നു'.
സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരേയുമാണ് ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ മാധുരിക്കും ഭർത്താവിനും ഓഹരിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആരോപണങ്ങൾ തള്ളി മാധവി ബുച്ച് രംഗത്തെത്തിയിരുന്നു. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുന്നുവെന്നും എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നുമായിരുന്നു സെബി മേധാവിയുടെ വിശദീകരണം. സെബി എൻഫോഴ്‌സ്‌മെൻ്റ് നടപടിയെടുക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതിന് പ്രതികാര നടപടിയായി ഹിൻഡൻബർഗ് റിസർച്ച് സ്വഭാവഹത്യയ്ക്ക് ശ്രമിച്ചത് നിർഭാഗ്യകരമാണെന്ന് മാധവി ബുച്ച് പ്രതികരിച്ചു.












Click it and Unblock the Notifications