ഹിന്‍ഡന്‍ബര്‍ഗില്‍ തടഞ്ഞ് വീണ്ടും അദാനി ഗ്രൂപ്പ്; നിക്ഷേപകര്‍ക്ക് നഷ്ടം 56000 കോടി..!
മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വീണ്ടും അദാനി ഗ്രൂപ്പിന് തലവേദന സൃഷ്ടിക്കുന്നു. സെബി മേധാവി മാധബി ബുച്ചിനെതിരെ ആരോപണങ്ങളുയര്‍ന്നതോടെ കമ്പനിയിലെ പല നിക്ഷേപകരും സുരക്ഷിത അകലം പാലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ഇന്ന് രാവിലെ 7% വരെ ഇടിഞ്ഞു. തല്‍ഫലമായി നിക്ഷേപകര്‍ക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു.
പത്ത് അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഏറ്റവും വലിയ നഷ്ടം നേരിട്ടത് അദാനി ഗ്രീന്‍ എനര്‍ജിക്കാണ്. അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ 7% നഷ്ടം നേരിട്ട് ബിഎസ്ഇയില്‍ 1656 രൂപയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 5%, അദാനി പവര്‍ 4%, അദാനി വില്‍മര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ് എന്നിവ ഏകദേശം 3% ഇടിവും രേഖപ്പെടുത്തി.

നിഫ്റ്റി സ്റ്റോക്ക് അദാനി പോര്‍ട്ട്‌സിന്റെ ഓഹരികള്‍ ഏകദേശം 2% ഇടിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ പുതിയ ആരോപണങ്ങളൊന്നും ഉന്നയിക്കുന്നില്ല. എങ്കിലും ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി വലിയ സ്ഥാനങ്ങള്‍ സമ്പാദിക്കാനും വ്യാപാരം നടത്താനും ഉപയോഗിച്ച ബെര്‍മുഡ, മൗറീഷ്യസ് ആസ്ഥാനമായുള്ള ഓഫ്ഷോര്‍ ഫണ്ടുകളില്‍ സെബി മേധാവി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവല്‍ ബുച്ചിനും ഓഹരിയുണ്ടെന്ന് ആരോപിച്ചിരുന്നു.
അദാനി വിഷയത്തില്‍ സെബിയെ ഒരു വസ്തുനിഷ്ഠമായ മധ്യസ്ഥനായി വിശ്വസിക്കാനാകുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതേസമയം വിവാദത്തില്‍ പ്രതിപക്ഷ നേതാക്കള്‍ മാധബി ബുച്ചിന്റെ രാജിയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ജെപിസി അന്വേഷണവും ആവശ്യപ്പെട്ടിട്ടണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് മാധബി ബുച്ചി സ്വീകരിച്ചത്.
അതേസമയം അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണത്തില്‍ മാര്‍ച്ചില്‍ ഒരു ഘട്ടം പൂര്‍ത്തിയായെന്നും ഒരു അന്വേഷണം പൂര്‍ത്തിയാകാറുണ്ടെന്നും സെബി പറഞ്ഞു. ഈ വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി 100-ലധികം സമന്‍സുകളും 1100 ഓളം കത്തുകളും ഇമെയിലുകളും അയച്ചിട്ടുണ്ട്. കൂടാതെ, ആഭ്യന്തര/വിദേശ റെഗുലേറ്റര്‍മാരുടെയും ബാഹ്യ ഏജന്‍സികളുടെയും സഹായം തേടി 100-ലധികം ആശയവിനിമയങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും സെബി പറയുന്നു.
2023 ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിപണി തകര്‍ച്ച ആവര്‍ത്തിക്കുമോ എന്നാണ് നിക്ഷേപകരുടെ ആശങ്ക. സ്റ്റോക്ക് കൃത്രിമം, ഫണ്ടിംഗ്, മറ്റ് കോര്‍പ്പറേറ്റ് ഭരണ പ്രശ്നങ്ങള്‍ എന്നിവയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ചിരുന്നത്.












Click it and Unblock the Notifications