പാകിസ്താന്‍ സ്വദേശി ഗംഗാനദിയില്‍ മുങ്ങിമരിച്ചു
ഹരിദ്വാര്‍: പാകിസ്താനില്‍ നിന്നും തീര്‍ഥാടനത്തിന് എത്തിയ യുവാവ് ഗംഗാ നദിയില്‍ മുങ്ങിമരിച്ചു. രാമചന്ദ്ര എന്ന 29 കാരനാണ് പവിത്രമായ ഗംഗാ നദിയില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഗംഗാനദിയില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ താമസക്കാരനാണ് രാമചന്ദ്ര.
നദിയില്‍ അധികം ആഴമില്ലാത്ത ഭാഗത്ത് നിന്ന് കുളിക്കുകയായിരുന്നു രാമചന്ദ്ര. കാല്‍ വഴുതി ഒഴുക്കിലേക്ക് വീഴുകയായിരുന്നു. ഇയാള്‍ക്ക് നീന്തലറിയില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാമചന്ദ്രയെ ഉടന്‍ തന്നെ ആളുകള്‍ കരയ്ക്ക് കയറ്റി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ തന്നെ രാമചന്ദ്ര മരണപ്പെട്ടിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് രാമചന്ദ്ര പാകിസ്താനില്‍ നിന്നും ഹരിദ്വാറിലെത്തിയത്. ഇയാള്‍ക്കൊപ്പം 93 തീര്‍ഥാടകര്‍ കൂടിയുണ്ട്. ഹരിദ്വാറില്‍ തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ ഗംഗാനദിയില്‍ കുളിക്കാനിറങ്ങുക പതിവാണ്. ഹിമാലയത്തില്‍ ഉദ്ഭവിച്ച് ബംഗാള്‍ ഉള്‍ക്കടല്‍ വരെ ഒഴുകുന്ന ഗംഗാനദിയിലെ ജലത്തിന് പാപനശീകരണത്തിന് ശക്തിയുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം.












Click it and Unblock the Notifications