ബംഗ്ലാദേശില്‍ ഹിന്ദു മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു; 3 ആഴ്ചയ്ക്കുള്ളില്‍ അഞ്ചാമത്തെ ആക്രമണം
ധാക്ക: ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. ഇക്കുറി മാധ്യമപ്രവര്‍ത്തകനാണ് വെടിയേറ്റു മരിച്ചത്. ജെസോര്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകനായ റാണാ പ്രതാപ് ബൈരാഗി(28)യാണ് വെടിയേറ്റു മരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് റാണാ പ്രതാപ്. നരൈല്‍ ആസ്ഥാനമായുള്ള ബിഡി ഖോബോര്‍ എന്ന ദിനപത്രത്തിന്റെ ആക്ടിംഗ് എഡിറ്ററായിരുന്നു ഇദ്ദേഹം.
ഇന്ന് കോപാലിയ ബസാറിലെ തിരക്കേറിയ പ്രദേശത്താണ് കൊലപാതകം നടന്നത്. ആളുകള്‍ നോക്കിനില്‍ക്കെ അജ്ഞാതരായ അക്രമികള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടതായും പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫെബ്രുവരി 12-ന് ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. അതിനിടെ ഹിന്ദു സമുദായത്തിന് നേരെ മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ആക്രമണമാണിത്. ഡിസംബര്‍ 31-ന് ശരിയത്ത്പൂര്‍ ജില്ലയില്‍ മെഡിക്കല്‍ ഷോപ്പ് ഉടമ ഖോകോണ്‍ ദാസിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. കട അടച്ചുപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ജനക്കൂട്ടം ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഇതിനു മുന്‍പ് ഡിസംബര്‍ 18-ന് മൈമെന്‍സിങ് ജില്ലയില്‍ 27 വയസുള്ള വസ്ത്ര തൊഴിലാളി ദിപു ചന്ദ്ര ദാസിനെ ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി.
കൊലപാതകങ്ങള്‍ കൂടാതെ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നേരെയും ക്രൂരമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. കാളിഗഞ്ചില്‍ ഹിന്ദു സ്ത്രീയെ രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും മരത്തില്‍ കെട്ടിയിടുകയും മുടി മുറിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഭൂമി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.
ഇതുകൂടാതെ കുരിഗ്രാം ജില്ലയിലെ ഹിന്ദുവായ ജില്ലാ ഭരണാധികാരി അന്നപൂര്‍ണ ദേബ്‌നാഥിനെ ഇസ്ലാമിക പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അധിക്ഷേപിച്ചതായും വാര്‍ത്തകളുണ്ട്. ജമാഅത്തെ ഇസ്ലാമി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കിയതാണ് ഇവരെ ലക്ഷ്യം വെക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ അതിക്രമങ്ങള്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ വഷളാക്കുന്നുണ്ട്. സുതാര്യമായ പൊലീസ് നടപടിയും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും മനുഷ്യാവകാശ സംഘടനകളും നിരീക്ഷകരും ശക്തമായി ഉന്നയിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരതയാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണം.












Click it and Unblock the Notifications