ഗോഡ്‌സെ വീരപുരഷന്‍; സ്ഥാപിക്കുന്നത് 5 പ്രതിമകള്‍
ദില്ലി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അഹിംസാപോരാട്ടം നയിച്ച ലോകം ആദരിക്കുന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ വീര പുരുഷനാണെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് ആണ് ഗോഡ്‌സെയെ വീര പുരുഷനാക്കിയിരിക്കുന്നത്.
രാജ്യത്ത് വീര പുരുഷന്മാരുടെ പ്രതിമകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതിലും തെറ്റൊന്നുമില്ലെന്നാണ് ഹിന്ദു മഹാസഭയുടെ അഭിപ്രായം. ഇതിനായി രാജസ്ഥാനില്‍ നിന്നും പണിതീര്‍ത്ത ഗോഡ്‌സേയുടെ മാര്‍ബിള്‍ പ്രതിമ ഹിന്ദുമഹാസഭയുടെ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

അഞ്ചുമഹാനഗരങ്ങളില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഹിന്ദുമഹാസഭയുടെ ആസ്ഥാനത്ത് സ്ഥാപിക്കുമെന്നും ചന്ദ്ര പ്രകാശ് കൗശിക് വ്യക്തമാക്കി. മാത്രമല്ല, ഗോഡ്‌സേയുടെ ചിതാഭസ്മം തങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും അത് സിന്ധുനദിയില്‍ ഒഴുക്കണമെന്നായിരുന്നു ഗോഡ്‌സെയുടെ ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗാന്ധിജിയെ തള്ളിപ്പറഞ്ഞ് ഗോഡ്‌സെയെ വീരനായകനാക്കാനുള്ള ഹിന്ദുമഹാസഭയുടെയും അനുകൂല സംഘടനകളുടെയും ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ശൗര്യ ദിവസമായാണ് സംഘടനകള്‍ ആചരിച്ചു വന്നിരുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷമുള്ള ആദ്യ ശൗര്യദിനം വിപുലമായ രീതിയിലാണ് അടുത്തിടെ ആചരിച്ചത്.












Click it and Unblock the Notifications