ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം, വിചിത്ര ആവശ്യവുമായി ഹിന്ദു മഹാസഭ നേതാവ്
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് പിന്നാലെ ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി മഹാരാജ്. മറ്റ് മതങ്ങളും, രാജ്യങ്ങളും അതില്‍ അവകാശവാദമുന്നയിക്കും മുമ്പ് അക്കാര്യം പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ കൂടിയായ മഹാരാജ് പറഞ്ഞു.
ഇന്ത്യ പാര്‍ലമെന്റ് പ്രമേയം അവതരിപ്പിക്കണം. എത്രയും പെട്ടെന്ന് ചന്ദ്രനെ ഹിന്ദു രാഷ്ട്രമായിപ്രഖ്യാപിക്കണമെന്നും ട്വിറ്റര്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ വിജയത്തിലും, അതിന്റെ ലാന്‍ഡിംഗ് വിജയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം.ചന്ദ്രയാന്‍ മൂന്ന് ശിവശക്തി പോയിന്റില്‍ ഇറങ്ങിയത് മികച്ച കാര്യമാണ്. അതിനെ ചന്ദ്രന്റെ തലസ്ഥാനമായി വികസിപ്പിച്ചെടുക്കണം. അതിന് മുമ്പേ ചന്ദ്രനില്‍ ഹിന്ദുരാഷ്ട്രം രുപീകരിക്കണമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു.

പാര്‍ലമെന്റില്‍ ഇതിനുള്ള പ്രമേയം കൊണ്ടുവരണം. അതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തണം. അതിലൂടെ ഒരു തീവ്രവാദിയും അവിടെയെത്താതെ തടയാനാവുമെന്നും മഹാരാജ് കുറിച്ചു. അതേസമയം ഇത് ആദ്യമായിട്ടല്ല മഹാരാജ് ഇത്തരം വിചിത്രമായ ആവശ്യങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 2020ല്‍ ചക്രപാണിയും, അദ്ദേഹത്തിന്റെ അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. കൊവിഡിന്റെ ആദ്യ തരംഗത്തിന്റെ സമയത്തായിരുന്നു ഇത്.
കേരളത്തെ കുറിച്ചും മുമ്പ് അപവാദ പ്രചാരണം മഹാരാജ് നടത്തിയിരുന്നു. കേരളത്തിലെ പ്രളയത്തിലെ ദുരന്തബാധിതരെ ഒരിക്കലും സഹായിക്കരുത്. അവര്‍ ബീഫ് കഴിക്കുന്നവരാണെന്നും മഹാരാജ് പറഞ്ഞിരുന്നു. അതേസമയം ചന്ദ്രയാന്‍-3 നേരത്തെ നിര്‍ണായക വിവരങ്ങള്‍ ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് അയച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനിലയാണ് നേരത്തെ ഇസ്രൊ പരിശോധിച്ചിരുന്നത്. ലോക രാജ്യങ്ങള്‍ക്ക് പോലും പരിചിതമല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്.
ജീവന് ആധാരമായ കാര്യങ്ങള്‍ ഇവിടെയുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യ പ്രധാനമായും അന്വേഷിക്കുന്നതും ഇക്കാര്യമാണ്. മറ്റൊരു രാജ്യത്തിന്റെയും റോവര്‍ ഇവിടെയില്ലാത്തത് കൊണ്ട് ഇന്ത്യ കണ്ടെത്തുന്ന ഏത് വിഷയവും ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയാവും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിക്രം ലാന്‍ഡര്‍ ലാന്‍ഡ് ചെയ്ത സ്ഥലം ശിവശക്തി പോയിന്റായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ചന്ദ്രയാന്‍-2 ക്രാഷ് ലാന്‍ഡ് ചെയ്ത മേഖല തിരംഗ പോയിന്റായും അറിയപ്പെടും. അതിന് പുറമേ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായും ഇന്ത്യയില്‍ ആഘോഷിക്കും. ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് സൂചകമായിട്ടാണ് ഈ ദിനം എല്ലാവര്‍ഷവും ആഘോഷിക്കുക.












Click it and Unblock the Notifications