മൂന്ന് പ്രമുഖ എഴുത്തുകാര്‍ക്ക് ശ്രീരാമസേനയുടെ ഭീഷണി
ബെംഗളുരു: പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ മറ്റു മൂന്നു എഴുത്തുകാര്‍ക്കു കൂടി ഭീഷണി. തീവ്രഹിന്ദുത്വ സംഘടനയായ ശ്രീ രാമ സേനയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് ശ്രീരാമ സേനയുടെ ഭീഷണി.
ഭീഷണി ഉയര്‍ന്നതോടെ മൂന്ന് എഴുത്തുകാര്‍ക്കും പോലീസ് സംരക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഭീഷണി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കല്‍ബുര്‍ഗി കേസ് അന്വേഷിക്കുന്ന കര്‍ണാടക സിഐഡി വ്യക്തമാക്കി. ഭീഷണി ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പ്രമുഖ കവി ചന്നവീര കനവി, എഴുത്തുകാരന്‍ ഗിരാഡി ഗോവന്ദ രാജ എന്നിവരാണ് ഭീഷണി ലഭിച്ച രണ്ടുപേര്‍.

ശ്രീരാമ സേനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചവരാണിവര്‍. തങ്ങള്‍ക്കെതിരെ തെളിവുകള്‍ നല്‍കാന്‍ ശ്രീ രാമ സേന എഴുത്തുകാരെ വെല്ലുവിളിച്ചു. ഒരുമാസത്തിനകം തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ എഴുത്തുകാരുടെ വീടുകള്‍ തകര്‍ക്കുമെന്നും ശ്രീരാമസേനാ മേധാവി മഞ്ജുനാഥ് ബവി വാര്‍ത്താസമ്മേളനത്തില്‍ ഭീഷണിപ്പെടുത്തി.
കല്‍ബുര്‍ഗി വധത്തില്‍ പ്രതിഷേധിച്ച് രണ്ട് ദിവസം മുമ്പ് ധാര്‍വാഡില്‍ നൂറിലധികം പേരുടെ പ്രകടനം നടന്നിരുന്നു. ഈ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭീഷണി ഉയര്‍ന്നിട്ടുണ്ട്. ശ്രീ രാമ സേന പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടും അവരുടെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കല്‍ബുര്‍ഗി വധത്തില്‍ ശ്രീ രാമ സേനയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ഭീഷണിയെന്നാണ് ആരോപണം.












Click it and Unblock the Notifications