രാജ്യ തലസ്ഥാനം വാരണാസിയിലേക്ക് മാറ്റും; അഹിന്ദുക്കള്‍ക്ക് വോട്ടില്ല... 'ഹിന്ദുരാഷ്ട്ര' ഭരണഘടന തയ്യാറാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന ഒരുകൂട്ടം തീവ്ര ഹിന്ദുത്വര്‍, പുതിയ ഭരണഘടന തയ്യാറാക്കുന്നു. ഇതിന്റെ കരട് രൂപത്തിലെ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന ധര്‍മ സന്‍സദിലാണ് ഹിന്ദു രാഷ്ട്രീയ രൂപീകരണത്തിന് ആഹ്വാനമുണ്ടായത്. പുതിയ ഭരണഘടന തയ്യാറാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
അടുത്ത വര്‍ഷം നടക്കുന്ന ധര്‍മ സന്‍സദിലാണ് ഭരണഘടന പുറത്തിറക്കുക. ഇപ്പോള്‍ അതിന്റെ കരട് രൂപത്തിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 30 സ്വാമിമാര്‍, ഹിന്ദു പണ്ഡിതന്മാര്‍, ഉന്നത പദവികളില്‍ സേവനം അനുഷ്ടിച്ചിരുന്ന വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 30 പേരാണ് ഭരണഘടന തയ്യാറാക്കുന്നത്. ഇതുപ്രകാരം മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ടവകാശം ഉണ്ടാകില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ അറിയാം....

ഭരണഘടനയുടെ കരട് രൂപമാണ് അടുത്ത വര്‍ഷം പുറത്തിറക്കുക. വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടെടുപ്പ്, രാഷ്ട്രനേതാവിന്റെ അവകാശങ്ങള്‍... തുടങ്ങി നിരവധി കാര്യങ്ങള്‍ കരട് രൂപത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ വാരണാസിയിലേക്ക് മാറ്റുമെന്നാണ് പുതിയ ഭരണഘടന പറയുന്നത്.

കാശിയില്‍ പുതിയ മത പാര്‍ലമെന്റ് മന്ദിരം പണിയണമെന്നാണ് നിര്‍ദേശം. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റു പൗരന്മാരെ പോലെ അവകാശങ്ങളുണ്ടാകും. എന്നാല്‍ വോട്ടവശകാശം ഉണ്ടാകില്ല. എല്ലാ പൗരന്മാരും നിര്‍ബന്ധമായും സൈനിക പരിശീലനം നേടണം. കാര്‍ഷിക മേഖലയെ നികുതി മുക്തമാക്കുമെന്നും ഭരണഘടനാ കരടില്‍ പറയുന്നു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ധര്‍മ സന്‍സദില്‍ പാസാക്കിയിരുന്നു. പുതിയ ഭരണഘടന തയ്യാറാക്കാനുള്ള നിര്‍ദേശവും അംഗീകരിച്ചിരുന്നു. കരട് രൂപമാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. നിര്‍ദിഷ്ട അഖണ്ഡ ഭാരതത്തിന്റെ ഭൂപടം പുതിയ ഭരണഘടനയുടെ പുറംചട്ടയില്‍ ഉള്‍പ്പെടുത്തും.

സ്വാമി ആനന്ദ് സ്വരൂപ്, ശാംഭവി പീതദീശ്വര്‍, ശങ്കരാചാര്യ പരിഷദ് അധ്യക്ഷന്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നതാണ് ഭരണഘടനാ നിര്‍മാണ കമ്മിറ്റി. കാമേശ്വര്‍ ഉപാധ്യായ, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബിഎന്‍ റെഡ്ഡി, പ്രതിരോധ വിദഗ്ധന്‍ ആനന്ദ് വര്‍ധന്‍, സനാതന ധര്‍മ പണ്ഡിതന്‍ ചന്ദ്രമണി മിശ്ര, ഡോ. വിദ്യാസാഗര്‍ തുടങ്ങിയവരും സമിതിയിലുണ്ട്.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് അഖണ്ഡ ഭാരതം. ഈ രാജ്യങ്ങളെല്ലാം ഭാവിയില്‍ ഇന്ത്യയുമായി ലയിക്കുമെന്നാണ് ഹിന്ദുരാഷ്ട്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നത്. കുറച്ച് ക്ഷേത്രങ്ങള്‍ക്ക് മുകളില്‍ കാവിക്കൊടി പാറുന്നതാണ് പുറംചട്ടയില്‍. കൂടാതെ അഖണ്ഡ ഭാരത മാപ്പും.

രാമന്‍, കൃഷ്ണന്‍, ദുര്‍ഗ ദേവി, ആദി ശങ്കരന്‍, സവര്‍ക്കര്‍, റാണി ലക്ഷ്മിഭായ്, വിവേകാനന്ദന്‍, പൃഥ്വിരാജ് ചൗഹാന്‍, ബുദ്ധന്‍, ഗുരു ഗോവിന്ദ് സിങ് തുടങ്ങിയവുടെ ചിത്രങ്ങളും ഭരണഘടനയിലുണ്ടാകും. 750 പേജാണ് ഹിന്ദു രാഷ്ട്ര ഭരണഘടനയ്ക്കുണ്ടാകുക. വിശദമായ ചര്‍ച്ച നടന്നുവരികയാണ്. പ്രയാഗ് രാജില്‍ നടക്കാനിരിക്കുന്ന അടുത്ത ധര്‍മ സന്‍സദില്‍ 300 പേജുകള്‍ പുറത്തിറക്കുമെന്ന് സ്വാമി ആനന്ദ് സ്വരൂപ് മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതസ്ഥര്‍ക്ക് അവരുടേതായ അവകാശങ്ങള്‍ ലഭിക്കും. എല്ലാ ജാതിയില്‍ പെട്ടവര്‍ക്കും ഇവിടെ താമസിക്കാനുള്ള അവകാശമുണ്ടാകും. 16 വയസ് പൂര്‍ത്തിയാവര്‍ക്ക് വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ 25 വയസ് തികയണം. മത പാര്‍ലമെന്റില്‍ 543 അംഗങ്ങളാണുണ്ടാകുക. ബ്രിട്ടീഷ് കാലത്തെ എല്ലാ നിമയങ്ങളും റദ്ദാക്കും. വര്‍ണ സമ്പ്രദായത്തിന് അനുസരിച്ചാകും എല്ലാ നടപ്പാക്കുക. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ടുണ്ടാകില്ല. അവര്‍ക്ക് ജോലിയും ബിസിനസും ചെയ്യാം. ഗുരുകുല വിദ്യഭ്യാസ സമ്പ്രദായം നടപ്പാക്കുമെന്നും സ്വാമി ആനന്ദ സ്വരൂപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.












Click it and Unblock the Notifications